ന്യൂഡല്‍ഹി:കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്‍റെ ചൈനീസ് പര്യടനം ഉപേക്ഷിച്ചു. മാർച്ച് 14 മുതല്‍ 25 വരെ ചൈനീസ് പര്യടനം നടത്താനാണ് ഇന്ത്യന്‍ വനിതാ ടീം നേരത്തെ നിശ്ചയിച്ചിരുന്നത്. കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയില്‍ ഇതിനകം 636 പേർ മരിക്കുകയും 31,161 പേർ ചികിത്സയിലുമാണ്. ഈ സാഹചര്യത്തിലാണ് ടീം ഇന്ത്യയുടെ ചൈനീസ് പര്യടനം ഉപേക്ഷിച്ചത്.
കൊറോണ; വനിതാ ഹോക്കി ടീമിന്‍റെ ചൈനീസ് പര്യടനം ഉപേക്ഷിച്ചു - ഇന്ത്യന്‍ ഹോക്കി വാർത്ത
കൊറോണ ബാധിച്ച് ചൈനയില്‍ ഇതിനകം 636 പേരാണ് മരിച്ചത്
അതേസമയം പര്യടനം ഉപേക്ഷിച്ചത് ഒളിമ്പിക്‌സിനായുള്ള തയ്യാറെടുപ്പുകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം നായിക റാണി രാംപാല്‍ പറഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സിന് ഇനി അഞ്ച് മാസം മാത്രമേ ബാക്കിയുള്ളൂ. മികച്ച പരിശീലനം നടത്തിയാലേ ഒളിമ്പിക്‌സില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധിക്കൂ. നിലവില്‍ മുന്‍ നിര ടീമുകളായ അർജന്‍റീന, ബെല്‍ജിയം, ഓസ്‌ട്രേലിയ, ജർമനി, ചൈന, ബ്രിട്ടണ്‍, നെതർലാന്‍ഡ്, യുഎസ്‌എ തുടങ്ങിയ ടീമുകളെല്ലാം അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍റെ പ്രോ ഹോക്കി ലീഗിനുള്ള തെയ്യാറെടുപ്പുകളിലാണ്. അതിനാല്‍ മുന്‍നിര ടീമുകളുമായുള്ള പരിശീലന മത്സരങ്ങൾ നിലവിലെ സാഹചര്യത്തില്‍ പ്രയോഗികമല്ലെന്നും റാണി രാംപാല്‍ പറഞ്ഞു. ന്യൂസിലന്‍ഡ് പര്യടനത്തിന് ശേഷം തിരിച്ചെത്തിയ ഇന്ത്യന്‍ വനിതാ ഹോക്കി ടീം നിലവില്‍ അവധിയിലാണ്. ഫെബ്രുവരി 16 മുതല്‍ മാർച്ച് 14 വരെയാണ് ടീമിന്‍റെ പരിശീലന ക്യാമ്പിന് തുടക്കമാകും. കഴിഞ്ഞ വർഷം ഭുവനേശ്വറില്‍ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ യുഎസിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതാ ടീം ടോക്കിയോ ഒളിമ്പിക്‌സിന് ബെർത്ത് ഉറപ്പിച്ചത്. ഇത് മൂന്നാമത്തെ തവണയാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഒളിമ്പിക്‌സ് യോഗ്യത നേടുന്നത്.