ധാക്ക : ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ തോൽവിയോടെ ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്. സെമിഫൈനലിൽ ജപ്പാനാണ് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയെ തകർത്തത്. മൂന്നിനെതിരെ അഞ്ച് ഗോളുകൾ നേടിയാണ് ജപ്പാൻ ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിട്ടത്.
ജപ്പാന് വേണ്ടി ടനക ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഷോട്ട യമാന്‍ഡ, റൈകി ഫുജിഷിമ, കോസെയ് കവാബി എന്നിവരും ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്ക് വേണ്ടി ദില്‍പ്രീത്, ഹര്‍മന്‍പ്രീത് സിങ്, ഹാര്‍ദിക് സിങ് എന്നിവര്‍ ഗോള്‍ നേടി. വിജയത്തോടെ ജപ്പാൻ ടൂർണമെന്‍റിന്‍റെ ഫൈനലിൽ പ്രവേശിച്ചു.
ഫൈനലിൽ ദക്ഷിണ കൊറിയയാണ് ജപ്പാന്‍റെ എതിരാളികൾ. അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ലൂസേഴ്‌സ് ഫൈനലിൽ മൂന്നാം സ്ഥാനത്തിനായി മത്സരിക്കും. പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.
ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാനെ എതിരില്ലാത്ത് ആറ് ഗോളുകൾക്ക് ഇന്ത്യ തകർത്തിരുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിൽ ആ പ്രകടനത്തിന്‍റെ നിഴൽ പോലും ഇന്ത്യൻ താരങ്ങളിൽ കാണാൻ സാധിച്ചില്ല.
ALSO READ:Edinson Cavani | കൂടുമാറ്റത്തിന് എഡിസണ്‍ കവാനി ; ജനുവരിയിൽ ബാഴ്‌സയിലെത്തുമെന്ന് റിപ്പോർട്ട്
ഒരു ഘട്ടത്തിൽ 5-1 എന്ന സ്കോറിന് ദയനീയ തോൽവിയിലേക്ക് നീങ്ങിയ ശേഷമാണ് 5-3 എന്ന സ്കോറിലേക്ക് ഇന്ത്യ തിരിച്ചെത്തിയത്. ആദ്യ പകുതിയിൽത്തന്നെ 3-1ന് ഇന്ത്യക്കെതിരെ ജപ്പാൻ ആധിപത്യം നേടിയിരുന്നു.
രണ്ടാം പകുതിയിൽ മൂന്നാം ക്വാർട്ടറിൽ തുടർച്ചയായ രണ്ട് ഗോളുകളോടെ ജപ്പാൻ 5-1ന്‍റെ ലീഡ് സ്വന്തമാക്കി. പിന്നാലെ മറുപടി ഗോളിനായി അലഞ്ഞ ഇന്ത്യ നാലാം ക്വാർട്ടറിൽ രണ്ട് ഗോളുകൾ നേടിക്കൊണ്ട് പരാജയഭാരം കുറച്ചു.