ധാക്ക : ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ലൂസേഴ്‌സ് ഫൈനലിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യക്ക് വെങ്കലം. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യമാരായ ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ തകർത്തെറിഞ്ഞത്. ഇന്ത്യക്കായി ഹർമൻപ്രീത് സിങ്, വരുണ്‍ കുമാർ, സുമിത്, ആകാശ്‌ദീപ് സിങ് എന്നിവരാണ് ഗോളുകൾ നേടിയത്. അർഫ്രാസ്, അബ്‌ദുൾ റാണ, നദീം എന്നിവരാണ് പാക്കിസ്ഥാനായി ഗോളുകൾ നേടിയത്.
മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ തുടർച്ചയായ നാല് പെനാൽറ്റി കോർണറുകൾ നേടിയെടുക്കാൻ ഇന്ത്യക്കായി. ഇതിൽ നാലാമത്തെ കോർണറിൽ ഹർമൻപ്രീത് സിങ് ഇന്ത്യക്കായി ആദ്യ ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ ക്വാർട്ടറിൽ ഇന്ത്യക്ക് ഒരു ഗോളിന്‍റെ ലീഡ് നേടാനായി.
തൊട്ടുപിന്നാലെ 10-ാം മിനിട്ടിൽ പാകിസ്ഥാൻ അഫ്രാസിലൂടെ തിരിച്ചടിച്ചു. ഇതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി. എന്നാൽ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് അബ്‌ദുൾ റാണ 33-ാം മിനിട്ടിൽ പാകിസ്ഥാന്‍റെ രണ്ടാം ഗോളും നേടി. ഇതോടെ ഉണർന്നുകളിച്ച ഇന്ത്യ ആദ്യ പകുതി തീരുന്നതിന് മുന്നേ സുമിത്തിലൂടെ സമനില ഗോൾ നേടി.
രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച ഇന്ത്യ 53-ാം മിനിട്ടിൽ മൂന്നാം ഗോൾ നേടി ലീഡെടുത്തു. വരുണ്‍ കുമാറിന്‍റെ വകയായിരുന്നു ഗോൾ. പിന്നാലെ 57-ാം മിനിട്ടിൽ ആകാശ് ദീപ് സിങ് ഇന്ത്യയുടെ നാലാം ഗോളും നേടി. എന്നാൽ തൊട്ടുപിന്നാലെ അഹ്‌മദ് നദീമിലൂടെ പാകിസ്താന്‍ തിരിച്ചടിച്ചെങ്കിലും മത്സരം 4-3 ന് അവസാനിക്കുകയായിരുന്നു.
ALSO READ:Asian Champions Trophy : ഒടുവിൽ അടിപതറി ഇന്ത്യ ; സെമിയിൽ തോൽവിയോടെ പുറത്ത്
നേരത്തെ സെമിഫൈനലിൽ ജപ്പാനെതിരെ 5-3 ന്‍റെ കുറ്റൻ തോൽവി ഏറ്റുവാങ്ങിയതാണ് ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്ത ഇന്ത്യക്ക് സെമിയിൽ ആ പ്രകടനത്തിന്‍റെ നിഴൽ പോലും പുറത്തെടുക്കാൻ സാധിച്ചില്ല.
ജപ്പാന് വേണ്ടി ടനക ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഷോട്ട യമാന്‍ഡ, റൈകി ഫുജിഷിമ, കോസെയ് കവാബി എന്നിവരും ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്ക് വേണ്ടി ദില്‍പ്രീത്, ഹര്‍മന്‍പ്രീത് സിങ്, ഹാര്‍ദിക് സിങ് എന്നിവര്‍ ഗോള്‍ നേടി. വിജയത്തോടെ ജപ്പാൻ ടൂർണമെന്‍റിന്‍റെ ഫൈനലിൽ പ്രവേശിച്ചു.