ധാക്ക: ചിരവൈരികളായ പാകിസ്ഥാനെ തകർത്ത് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഇരട്ടഗോളുമായി തിളങ്ങിയ ഹർമൻപ്രീത് സിങാണ് ഇന്ത്യയുടെ വിജയ ശിൽപി. ആകാഷ്‌ദീപ് സിങിന്‍റെ വകയായിരുന്നു മറ്റൊരു ഗോൾ.
മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച ഇന്ത്യ ആദ്യ ക്വാർട്ടറിൽ തന്നെ ലീഡ് നേടി. 13-ാം മിനിട്ടിൽ ഹർമൻപ്രീതിന്‍റെ വകയായിരുന്നു ഗോൾ. ആദ്യ പകുതിയിൽ 1-0 ന്‍റെ ലീഡുമായി മടങ്ങിയ ഇന്ത്യ രണ്ടാം പകുതിയിലും പാകിസ്ഥാൻ ഗോൾ മുഖത്തേക്ക് ആക്രമണം തുടർന്നു.
പിന്നാലെ 42-ാം മിനിട്ടിൽ ആകാശ് ദീപ് സിങ്ങ് ഇന്ത്യയുടെ രണ്ടാം ഗോളും സ്വന്തമാക്കി. ഇതോടെ തോൽവി മുന്നിൽ കണ്ട പാകിസ്ഥാൻ ജുനൈദ് മൻസൂറിലൂടെ തിരിച്ചടിച്ചു. എന്നാൽ 54 മിനിറ്റിൽ ഹർമൻപ്രീത് തന്‍റെ രണ്ടാമത്തെ ഗോളും നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചു.