ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ വീണ്ടും റയൽ മാഡ്രിഡിന്‍റെ പരിശീലകനായി ചുമതലയേറ്റു. ജോസെ മൊറീഞ്ഞോ റയലിന്‍റെ പരിശീലകനായേക്കുമെന്ന അഭ്യൂഹങ്ങളെ തള്ളിയാണ് സിദാന്‍റെ നിയമനം. 2022 ജൂണ്‍ 30 വരെയാണ് കരാര്‍.
സിദാൻ വീണ്ടും റയലിൽ
ഈ സീസണിലെ റയലിന്‍റെ മൂന്നാമത്തെ പരിശീലകനാണ് സിദാൻ. അടുത്ത സീസണിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള പൂർണ സ്വാതന്ത്ര്യവും, സമ്മറില്‍ പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ബഡ്ജറ്റിനെക്കുറിച്ച് ധാരണയാക്കിയിട്ടുമാണ് സിദാന്‍റെ തിരിച്ചുവരവിന് കളമൊരുങ്ങിയത്.
2017-18 സീസണിൽ റയലിന് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കീരീടം നേടി കൊടുത്തതിന് ശേഷം എല്ലാവരെയും ഞെട്ടിച്ചാണ് പരിശീലകസ്ഥാനം രാജി വച്ച് സിദാൻ റയൽ വിട്ടത്. 2018-19 സീസണില്‍ ജുലന്‍ ലോപുറ്റെഗുയിയാണ് റയലിന്‍റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്. എന്നാല്‍, ടീമിന്‍റെ മോശം പ്രകനത്തെ തുടര്‍ന്ന് സാന്‍റിയാഗോ സൊളാരി പിന്നീട് പരിശീലകനായി. സൊളാരിയുടെ കീഴില്‍ ടീം തുടക്കത്തില്‍ മികവ് കാട്ടിയെങ്കിലും എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയോടേറ്റ കനത്ത തോൽവിയും, ലാലിഗയിൽ സ്ഥിരതയില്ലാത്ത പ്രകടനങ്ങളും ചാമ്പ്യന്‍സ് ലീഗിലെ പുറത്താകലും സൊളാരിയുടെ സ്ഥാനം തെറിപ്പിക്കുകയായിരുന്നു. യൂറോപ്പിൽ സിദാന്‍റെ കീഴിലുണ്ടായിരുന്ന പ്രതാപം നഷ്ടപ്പെട്ട സ്പാനിഷ് വമ്പന്മാർ ലോക ഫുട്ബോളിന്‍റെ നെറുകയിൽ വീണ്ടുമെത്താൻ സിദാനെ തിരികെ കൊണ്ടു വരികയായിരുന്നു. ചെൽസി, യുവെന്‍റസ് ടീമുകളിലേക്ക് താരം ചേക്കേറുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കെയാണ് ഈ തിരിച്ചുവരവ്.
അടുത്ത സീസണിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള പൂർണ സ്വാതന്ത്ര്യവും, സമ്മറില്‍ പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ബഡ്ജറ്റിനെക്കുറിച്ച് ധാരണയാക്കിയിട്ടുമാണ് സിദാന്‍ തിരിച്ചു വരാന്‍ തയ്യാറായിട്ടുള്ളത്. ട്രാൻസ്ഫർ വിൻഡോയിൽ ഫ്രാൻസ് താരം കിലിയൻ എംബാപ്പെ, സൂപ്പർതാരം നെയ്മർ, ഈഡൻ ഹസാർഡ് എന്നിവരെ ടീമിലെത്തിക്കാനാണ് റയലിന്‍റെ നീക്കം.