കരിയറില്‍ ചെറുതും വലുതുമായ നിരവധി വിവാദങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന സൂപ്പർതാരമാണ് നെയ്മർ. നെയ്മറിനെതിരെ ബ്രസീലിന്‍റെ മുൻ താരമായിരുന്ന സെ റോബർട്ടോയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
നെയ്മറിനെ വിമർശിച്ച് ബ്രസീല്‍ മുൻ താരം
അച്ചടക്ക നടപടിയായി നെയ്മറിനെ നായകസ്ഥാനത്ത് നിന്ന് നീക്കണമെന്ന് സെ റോബർട്ടോ
ഫ്രഞ്ച് കപ്പ് ഫൈനലിന് ശേഷമുണ്ടായ സംഭവങ്ങൾക്കും മറ്റ് അച്ചടകലംഘനങ്ങൾക്കും നെയ്മറിനെ ബ്രസീലിയൻ ഫുട്ബോൾ അധിക്യതർ ശിക്ഷിക്കണമെന്നാണ് റോബർട്ടോ പറഞ്ഞത്. ബ്രസീലിന്‍റെ ഏറ്റവും പ്രധാന കളിക്കാരനായ നെയ്മറെ ശിക്ഷാനടപടിയായി ടീമില്‍ നിന്നും ഒഴിവാക്കാനാകില്ല. എന്നാല്‍ നായകസ്ഥാനത്ത് നിന്ന് നീക്കണം. നെയ്മറിന്‍റെ പ്രവൃത്തികൾക്കുള്ള ശിക്ഷയായിരിക്കണമിതെന്നും റോബർട്ടോ പറഞ്ഞു. നെയ്മർ സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് ആരാധകർ പ്രതീക്ഷിക്കുന്ന പ്രകടനമികവിലേക്ക് മടങ്ങിയെത്തണമെന്നും റയലിന്‍റെ മുൻ താരം കൂടിയായ റോബർട്ടോ വ്യക്തമാക്കി.
ഫ്രഞ്ച് കപ്പ് ഫൈനലിന് ശേഷം ആരാധകന്‍റെ മുഖത്തടിച്ച നെയ്മർക്കെതിരെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ അച്ചടക നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിന് മുമ്പ് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറില്‍ തോറ്റതിനെ തുടർന്ന് റഫറിയെ അധിക്ഷേപിച്ചതിന് ബ്രസീലിയൻ താരത്തിന് മൂന്ന് ചാമ്പ്യൻസ് ട്രോഫിയില്‍ നിന്നും വിലക്ക് ഏർപ്പെടുത്തിയിരുന്നു.