ഹൈദരാബാദ്: ഐഎസ്എല്ലിലെ തുടർച്ചയായി മൂന്ന് മത്സരങ്ങളില്‍ സമനില വഴങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയിലേക്ക് തിരിച്ചെത്താനായി ഇന്ന് വീണ്ടും കളത്തില്‍ ഇറങ്ങും. ചെന്നൈയിന് എതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ ഇന്ന് രാത്രി 7.30-നാണ് മത്സരം.
ജയം തേടി മഞ്ഞപ്പട ഇന്ന് വീണ്ടും കളത്തില്‍ - chennaiyin news
ഏഴ് പോയിന്‍റുമായി എട്ടാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സിനും ആറ് പോയിന്‍റുമായി ഒമ്പതാം സ്ഥാനത്തുള്ള ചെന്നൈയിന്‍ എഫ്‌സിക്കും ഇന്നത്തെ മത്സരം നിർണായകമാണ്.
ലീഗില്‍ ഇതേവരെ നടന്ന എട്ട് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ഏഴ് പോയിന്‍റുമായി ബ്ലാസ്‌റ്റേഴ്‌സ് ലീഗില്‍ എട്ടാം സ്ഥാനത്താണ്. മുന്നേറ്റ താരം മെസി ബൗളിയിലാണ് പരിശീലകന്‍ ഇല്‍ക്കോ ഷട്ടേരിയുടെ പ്രതീക്ഷ. എട്ട് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളാണ് മെസി സ്വന്തമാക്കിയത്. ഗോൾ വേട്ടയില്‍ ലീഗില്‍ ആറാം സ്ഥാനത്താണ് മെസി. അവസാന കളിയില്‍ ജംഷഡ്‌പൂരിനെതിരെ രണ്ട് ഗോളുകൾക്ക് പിന്നിലായ ശേഷം സമനില നേടിയതിന്‍റെ ആത്മവിശ്വാസവും ബ്ലാസ്‌റ്റേഴ്‌സിനുണ്ട്.
അതേസമയം സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരം ജയിച്ച് മുന്നേറാനാകും ചെന്നൈയിന്‍റെ ശ്രമം. നേരത്തെ നടന്ന രണ്ട് മത്സരങ്ങളില്‍ ചെന്നൈയില്‍ സമനില വഴങ്ങിയിരുന്നു. ഇതിന് മുമ്പ് 12 തവണ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ നാല് തവണ ജയം ചെന്നൈയിനൊപ്പം നിന്നു. മൂന്ന് തവണ ബ്ലാസ്‌റ്റേഴ്‌സിനൊപ്പവും. അഞ്ച് തവണ മത്സരം സമനിലയില്‍ കലാശിച്ചു.