ബാഴ്‌സലോണ : ബാഴ്‌സലോണയുടെയും സ്‌പെയിനിന്‍റെയും ഇതിഹാസ താരം സാവി ഹെർണാണ്ടസ് ബാഴ്‌സയുടെ പുതിയ പരിശീലകനാകും. തുടർച്ചയായ തോല്‍വികളെ തുടർന്ന് ഡച്ച് പരിശീലകൻ റൊണാൾഡ് കൂമാനെ പുറത്താക്കിയതിനെ തുടർന്നാണ് സാവി ബാഴ്‌സയിലേക്ക് എത്തുന്നത്. ഇതു സംബന്ധിച്ച് തീരുമാനമായതായി നിലവില്‍ സാവി പരിശീലിപ്പിക്കുന്ന ഖത്തർ ക്ലബ് അല്‍ സാദ് അറിയിച്ചു.
തിരിച്ചെത്തുന്ന ഇതിഹാസം
41കാരനായ സാവി 1998 മുതല്‍ 2015 വരെ 17 വർഷം ബാഴ്‌സയുടെ മധ്യനിരയിലെ നെടുംതൂണായിരുന്നു. 796 മത്സരങ്ങൾ സാവി ബാഴ്‌സയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. സാവി - ഇനിയേസ്റ്റ കൂട്ടുകെട്ട് സ്‌പെയിൻ ദേശീയ ടീമിനും ബാഴ്‌സലോണയ്ക്കും വേണ്ടി ലോകത്തെ എല്ലാ കിരീടങ്ങളും നേടിയിട്ടുണ്ട്. ബാഴ്‌സയുടെ സുവർണകാലത്തെ ഏറ്റവും മികച്ച താരമായിരുന്ന സാവി 2015ലാണ് ബാഴ്‌സ വിടുന്നത്. തുടർന്ന് അല്‍ സാദില്‍ നാല് വർഷം കളിച്ച ശേഷം 2019ല്‍ പരിശീലകനായി.