ലണ്ടന്‍: ഏഴ് വര്‍ഷം സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ പന്ത് തട്ടിയ ബ്രസീലിയന്‍ മധ്യനിര താരം വില്ലിയന്‍ ആരാധകര്‍ക്കായി തുറന്ന കത്തെഴുതിയ ശേഷം ചെല്‍സി വിടുന്നു. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ട് നീലപ്പട പുറത്തായതിന് പിന്നാലെയാണ് വില്ലിയന്‍റെ നീക്കം. നേരത്തെ എഫ്‌എ കപ്പിന്‍റെ ഫൈനലിലും ചെല്‍സി പരാജയപ്പെട്ടിരുന്നു.
ആഴ്‌സണലിലേക്കാണ് താരത്തിന്‍റെ കൂടുമാറ്റം. ക്ലബുമായുള്ള കരാര്‍ മൂന്ന് വര്‍ഷത്തേക്ക് നീട്ടണമെന്ന വില്ലിയന്‍റെ ആവശ്യം ചെല്‍സി അംഗീകരിച്ചിരുന്നില്ല. ആഴ്‌ചയില്‍ ഒരു ലക്ഷം പൗണ്ടിനാണ് വില്ലിയന്‍ ആഴ്‌സണലുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. 97.79 കോടി രൂപയോളം വരും ഈ തുക. താരം ചെല്‍സി വിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കൂടുതല്‍ വായനക്ക്: ചെല്‍സിയെ ഞെട്ടിച്ച് വില്ലിയന്‍: ഏഴ് വർഷത്തെ ബന്ധം ഉപേക്ഷിക്കുന്നത് ആഴ്‌സണലിലേക്ക് പോകാൻ
അതിമനോഹരമായ ഏഴ് വര്‍ഷങ്ങള്‍ എന്നു കുറിച്ചുകൊണ്ടാണ് വില്ലിയന്‍റെ കത്ത് തുടങ്ങുന്നത്. 2013 ഓഗസ്റ്റില്‍ ചെല്‍സിയില്‍ നിന്നും വിളി വന്നപ്പോള്‍ ഇവിടെയാണ് താന്‍ കളിക്കേണ്ടതെന്ന് ഉറപ്പിച്ചു. പക്ഷേ ഇപ്പോള്‍ പുതിയ തീരുമാനം എടുക്കുമ്പോള്‍ ഞാന്‍ സംതൃപ്‌തനാണ്. സന്തോഷവും വേദനയും നിറഞ്ഞ അനുഭവങ്ങളുണ്ടായി. നിരവധി ട്രോഫികള്‍ ലഭിച്ചു. ഈ കപ്പുകള്‍ക്കപ്പുറും പല തിരിച്ചറിവുകളുമുണ്ടായി. മികച്ച താരമായും വ്യക്തിയായും വളര്‍ന്നു. എല്ലാ പരിശീലന പരിപാടികളിലും മത്സരങ്ങളിലും ഡ്രസിങ്ങ് റൂമില്‍ ചെലവഴിച്ച ഓരോ നിമിഷവും പുതിയ പാഠങ്ങളായി മാറി.
ക്ലബിനൊപ്പം തുടര്‍ന്നപ്പോള്‍ ചെല്‍സിയുടെ ആരാധകര്‍ നല്‍കിയ പിന്തുണക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നതായും കത്തില്‍ പറയുന്നു. സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് വില്ലിയന്‍റെ കത്ത് അവസാനിക്കുന്നത്. വില്ലിയന്‍ ചെല്‍സിക്കൊപ്പം എഫ്‌എ കപ്പ്, യൂറോപ്പ ലീഗ്, ഇഎഫ്‌എല്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. 2019-20 സീസണില്‍ നീലപ്പടക്ക് വേണ്ടി 47 തവണ ബൂട്ടണിഞ്ഞ താരം 11 ഗോളുകളും ഒമ്പത് അസിസ്റ്റും സ്വന്തമാക്കി.