ദോഹ:ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ടീം ഇന്ത്യ ഇന്ന് ബൂട്ടുകെട്ടും. ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ച ഇന്ത്യ ഏഷ്യന്‍ കപ്പിലേക്കുള്ള യോഗ്യതാ പ്രതീക്ഷകളുമായാണ് ദോഹയിലേക്ക് വിമാനം കയറിയത്. ഇന്ന് രാത്രി 10.30നാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ഗ്രൂപ്പ് ഇയിലെ രണ്ടാം റൗണ്ട് മത്സരമാണിത്. നേരത്തെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ ഖത്തറിനെ ഇന്ത്യക്ക് ഗോള്‍ രഹിത സമനിലയില്‍ തളക്കാനായിരുന്നു.
ഖത്തറിനെതിരെ കടുത്ത പോരാട്ടം മുന്നില്‍ കണ്ടാണ് ടീം ഇന്ത്യ രണ്ടാം പാദ പോരാട്ടത്തിന് ഒരുങ്ങുന്നത്. ഫിഫ റാങ്കിങ്ങില്‍ ടീം ഇന്ത്യയെക്കാള്‍ 47 സ്ഥാനങ്ങള്‍ മുന്നിലാണ് ഖത്തര്‍. ഭാഗ്യപരീക്ഷണത്തിനാണ് ഇന്ത്യന്‍ സംഘം ഒരുങ്ങുന്നതെന്ന് ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ഇതിനം വ്യക്തമാക്കി കഴിഞ്ഞു. പരിക്ക് ഭേദമായി തിരിച്ചെത്തിയ നായകന്‍ സുനില്‍ ഛേത്രി ഇന്ന് വീണ്ടും ബൂട്ടുകെട്ടുമ്പോള്‍ അത്‌ഭുതങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.