ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ലസ്‌റ്റർ സിറ്റിയും വോൾവ്സും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയില്‍. ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല.
പ്രീമിയർ ലീഗില്‍ ലസ്‌റ്ററിനെ സമനിലയില്‍ തളച്ച് വോൾവ്‌സ്
ലീഗിലെ അടുത്ത മത്സരത്തില്‍ ലസ്‌റ്റർ സിറ്റി നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്‌റ്റർ സിറ്റിയെ നേരിടും
ലസ്‌റ്ററിനായുള്ള 200-ാം മത്സരത്തില്‍ മുന്നേറ്റ താരം ജാമി വാർഡി ഗോൾ കണ്ടെത്താതെ പോയത് ആരാധകരെ നിരാശരാക്കി. ഇതോടെ പ്രീമിയർ ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്താനുള്ള അവസരവും ലസ്‌റ്ററിന് നഷ്‌ടമായി. അതേസമയം മധ്യനിര താരം ഹംസ ചൗധരി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ലസ്‌റ്ററിന് തിരിച്ചടിയായി. വോൾവ്‌സിന്‍റെ താരം ഡെന്‍ഡോങ്കറിനെ ഫൗൾ ചെയ്‌തതിനാണ് ഹംസക്ക് 76-ാം മിനിട്ടില്‍ ചുവപ്പ് കാർഡ് ലഭിച്ചത്. മത്സരം ഗോൾ രഹിത സമനിലയില്‍ അവസാനിച്ചതോടെ വോൾവ്സ് പൊയിന്‍റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതായി. 26 മത്സരങ്ങളില്‍ നിന്നും 36 പോയിന്‍റാണ് വോൾവ്‌സിനുള്ളത്. മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും ലസ്‌റ്റർ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിർത്തി. 26 മത്സരങ്ങളില്‍ നിന്നും 50 പോയിന്‍റാണ് ലസ്‌റ്ററിനുള്ളത്. 25 മത്സരങ്ങളില്‍ നിന്നും 51 പോയിന്‍റുള്ള മാഞ്ചസ്‌റ്റർ സിറ്റിയാണ് രണ്ടാമത്. പട്ടികയില്‍ ഒന്നാമതുള്ള ലിവർപൂളിന് 22 പോയിന്‍റിന്‍റെ ലീഡാണ് ഉള്ളത്. 25 മത്സരങ്ങളില്‍ നിന്നും 73 പോയിന്‍റാണ് ലിവർപൂളിന്. ഫെബ്രുവരി 22-ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ലസ്‌റ്റർ സിറ്റി നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്‌റ്റർ സിറ്റിയെ നേരിടും. അതേസമയം ഫെബ്രുവരി 23-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ നോർവിച്ച സിറ്റിയാണ് വോൾവ്സിന്‍റെ എതിരാളികൾ.