ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ ഗോൾ രഹിത സമനിലയില്‍ തളച്ച് വോൾവ്‌സ്. പ്ലേമേക്കർ കൂടിയായ പോർച്ചുഗീസ് മിഡ്‌ഫീല്‍ഡർ ബ്രൂണോ ഫെർണാണ്ടസ് ടീമിനായി ബൂട്ട് കെട്ടിയ ആദ്യ മത്സരത്തില്‍ ജയിക്കാനാകാത്തതിന്‍റെ ക്ഷീണത്തിലാണ് യുണൈറ്റഡ്. മത്സരം സമനിലയിലായതോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ യുണൈറ്റഡ് ഒരു സ്ഥാനം താഴേക്ക് പോയി. നിലവില്‍ 25 മത്സരങ്ങളില്‍ നിന്നും 35 പോയിന്‍റുമായി യുണൈറ്റഡും വോൾവ്‌സും ഒപ്പത്തിനൊപ്പമാണ്. ഗോൾ ശരാശരിയില്‍ മുന്നിലുള്ള യുണൈറ്റഡ് ആറാം സ്ഥനത്തും വോൾവ്‌സ് ഏഴാം സ്ഥാനത്തുമാണ്.
ലീഗിലെ മറ്റൊരു മത്സരത്തില്‍ ലെസ്‌റ്റർ സിറ്റിയെ ചെല്‍സിയും സമനിലയില്‍ തളച്ചു. ആദ്യ പകുതി ഗോൾ രഹിത സമനിലയില്‍ പിരഞ്ഞപ്പോൾ രണ്ടാം പകുതിയില്‍ ഇരു ടീമുകളും രണ്ട് വീതം ഗോൾ അടിച്ച് പിരിഞ്ഞു. ചെല്‍സിക്ക് വേണ്ടി അന്‍റോണിയോ റുഡിഗർ ഇരട്ട ഗോൾ നേടി. 46-ാം മിനിട്ടിലും 71-ാം മിനിട്ടിലുമായിരുന്നു റുഡിഗറുടെ ഗോളുകൾ. ലെസ്‌റ്റർ സിറ്റിക്ക് വേണ്ടി ഹാർവി ബാരന്‍സ് 54-ാം മിനിട്ടിലും ബെന്‍ ചിന്‍വെല്‍ 64-ാം മിനിട്ടിലും ഗോൾ നേടി.