പനാജി: കടലാസിലെ കണക്കുകളില്‍ പ്ലേ ഓഫ് പ്രതീക്ഷ ബാക്കിയുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ദുര്‍ബലരായ ഒഡീഷ എഫ്‌സിയെ നേരിടും. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ റാങ്കിങ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് ഇരുവരും. സീസണിലെ ആദ്യപാദ മത്സരത്തില്‍ ഒഡീഷക്കെതിരെ പരാജയം ഏറ്റുവാങ്ങിയതിന് കണക്ക് തീര്‍ക്കാനാകും ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. ഈ സീസണില്‍ ഒഡീഷയുടെ ഏക ജയം കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ്. സീസണില്‍ ആറ് ഗോളടിച്ച ജോര്‍ദാന്‍ മുറെയുള്‍പ്പെടെയുള്ള താരങ്ങള്‍ ഗോളടിച്ച് മുന്നേറുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്. അതേസമയം പരിക്കിൽ നിന്ന് മുക്ത്തനാകാത്ത ഫാക്കുണ്ടോ പെരേര ബ്ലാസ്റ്റേഴ്‌സിനായി ഇന്ന് ബൂട്ടണിയാന്‍ സാധ്യത കുറവാണ്.
കണക്ക് തീര്‍ക്കുമോ; കൊമ്പന്‍മാര്‍ ഇന്ന് ഒഡീഷക്കെതിരെ - odisha win news
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യപാദ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ 2-4ന് ഒഡീഷ എഫ്‌സി പരാജയപ്പെടുത്തിയിരുന്നു
ലീഗിലെ കഴിഞ്ഞ ആറ് മത്സരങ്ങളിൽ ജയം കണ്ടെത്താന്‍ സാധിക്കാത്ത ഒഡീഷ എഫ്‌സി പരിശീലകന്‍ സ്റ്റുവർട്ട് ബാക്‌സറെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. പകരം ഇടക്കാല പരിശീലകനായി ജെറാള്‍ഡ് പെയ്‌ടണാണ് ഒഡീഷക്കായി തന്ത്രങ്ങള്‍ മെനയുന്നത്. സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ മാത്രമാണ് ഒഡീഷ എഫ്‌സിക്ക് ജയിച്ച് മുന്നേറാനായത്. അതേസമയം അവസാന മത്സരത്തിൽ സീസണിലെ നാലാമത്തെ മഞ്ഞ കാർഡുകൾ ലഭിച്ചതിനാൽ ഒഡീഷ എഫ്‌സി താരങ്ങളായ ഗൗരവ് ബോറയ്ക്കും മാനുവൽ ഒൻവുവിനും ഇന്നത്തെ മത്സരത്തിൽ ഇറങ്ങാൻ കഴിയില്ല. പക്ഷെ അവസാന മത്സരം നഷ്‌ടമായ ക്യാപ്റ്റൻ സ്റ്റീവൻ ടെയ്‌ലറുടെ തിരിച്ചുവരവ് ഒഡീഷയെ ശക്തിപ്പെടുത്തും.
ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഭാഗമായി ഇരു ടീമുകളും മൂന്നു തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഒരു തവണ ഒഡീഷ എഫ്‌സി ജയിച്ചു. രണ്ട് തവണ മത്സരം സമനിലയില്‍ കലാശിച്ചു. സീസണിൽ പതിനഞ്ചു മത്സരങ്ങളിൽ നിന്നായി എട്ടു പോയിന്‍റ് നേടി ഒഡീഷ എഫ്‌സി 11-ാമതും 16 മത്സരങ്ങളിൽ നിന്നും 15 പോയിന്‍റുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് 10-ാം സ്ഥാനത്തുമാണ്. അവസാന രണ്ട് മത്സരങ്ങളില്‍ പരാജയം ഏറ്റുവാങ്ങിയ ഇരു ടീമുകളും ജയം മുന്നില്‍കണ്ടാണ് ഇന്ന് നേര്‍ക്കുനേര്‍ വരുക. പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ഒഡീഷ എഫ്‌സി ആശ്വാസ ജയം തേടിയാകും ഇന്നിറങ്ങുക.