ലണ്ടന്‍: 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ടോട്ടന്‍ഹാം ഒരു കീരിടം നേടുമോ എന്നറിയാനുള്ള കാത്തിപ്പാണ് ഇനിയുള്ള ദിനങ്ങൾ. കറബാവോ കപ്പിന്‍റെ (ഇംഗ്ലീഷ് ലീഗ് കപ്പ്) സെമി ഫൈനലില്‍ ബ്രെന്‍ഡ് ഫോര്‍ഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് ടോട്ടന്‍ഹാമിന്‍റെ കിരീട പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് മുളച്ചിരിക്കിരുന്നത്. വിംബ്ലിയില്‍ നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ജയിച്ചാല്‍ ടോട്ടന്‍ഹാമിന്‍റെ കിരീട സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകും. ഇന്ന് ഓള്‍ഡ് ട്രാഫോഡില്‍ നടക്കാനിരിക്കുന്ന മാഞ്ചസ്റ്റര്‍ ഡര്‍ബിയിലെ ജേതാക്കളാകും വിംബ്ലിയില്‍ ടോട്ടന്‍ഹാമിന്‍റെ എതിരാളികള്‍.
പോര്‍ച്ചുഗീസ് പരിശീലകന്‍ ഹോസെ മൗറിന്യോയുടെ തന്ത്രങ്ങളാണ് ടോട്ടന്‍ഹാമിന്‍റെ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജം പകരുന്നത്. കഴിഞ്ഞ സീസണിന്‍റെ പകുതിയോടെ ടോട്ടന്‍ഹാമില്‍ കളി പഠിപ്പിക്കാന്‍ എത്തിയ മൗറിന്യോയുടെ തന്ത്രങ്ങള്‍ സണ്‍ ഹ്യൂമിന്നെയും കൂട്ടരെയും ഏറെ മുന്നോട്ട് കൊണ്ടുപോയി കഴിഞ്ഞു. ഹാരികെയിന്‍ ഉള്‍പ്പെടെയുള്ള താരങ്ങളും ടോട്ടന്‍ഹാമിന്‍റെ മുതല്‍കൂട്ടാണ്. സണ്ണും ഹാരി കെയിനും ടോട്ടന്‍ഹാമിനായി ഗോള്‍ അടിച്ച് കൂട്ടുന്ന കാര്യത്തില്‍ മത്സരിക്കുകയാണ്. ഫൈനല്‍ പോരാട്ടത്തിലും ഇത് ആവര്‍ത്തിക്കാനാണ് സാധ്യത.
ഇതിന് മുമ്പ് നാല് തവണ പരിശീലകന്‍ എന്ന നിലയില്‍ മൗറിന്യോ കറബാവോ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് തവണ ചെല്‍സിക്കൊപ്പവും ഒരു തവണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പവും. 2004 മുതല്‍ ഇംഗ്ലീഷ് ക്ലബുകളുടെ ഭാഗമായ മൗറിന്യോ ഇത്തവണ ഒരിക്കല്‍ കൂടി കറബാവോ കപ്പില്‍ മുത്തമിടാനുള്ള ശ്രമത്തിലാണ്. ഇതോടെ പൊടിപിടിച്ച ടോട്ടന്‍ഹാമിന്‍റെ സ്വപ്‌നങ്ങള്‍ക്ക് നിറംപകരാനാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. 2008ല്‍ ലീഗ് കപ്പാണ് ടോട്ടന്‍ഹാം അവസാനമായി സ്വന്തമാക്കിയത്.
ബെന്‍ഡ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി ഫൈനല്‍ യോഗ്യത സ്വന്തമാക്കിയെങ്കിലും ടീമിന്‍റെ പ്രകടനത്തില്‍ പോര്‍ച്ചുഗീസ് പരിശീലകന്‍ തൃപ്‌തനല്ല. കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കാമായിരുന്നുവെന്നും സാങ്കേതികമായി മുന്നേറാനുണ്ടെന്നും അദ്ദേഹം മത്സര ശേഷം പ്രതികരിച്ചു. ഒന്നോ രണ്ടോ ഗോളുകള്‍ കൂടി സ്വന്തമാക്കാനുള്ള അവസരം ടീം പ്രയോജനപ്പെടുത്തിയില്ലെന്നും മൗറീന്യോ പറഞ്ഞു.
കറബാവോ കപ്പ് (ഇംഗ്ലീഷ് ലീഗ് കപ്പ്) സെമി ഫൈനലിലെ ജയത്തിന് ശേഷം ടോട്ടന്‍ഹാം പരിശീലകന്‍ ഹോസെ മൗറിന്യോയുടെ പ്രതികരണം.
കഴിഞ്ഞ വര്‍ഷം നവംബര്‍ 10ന് അര്‍ജന്‍റീനന്‍ പരിശീലകന്‍ മൗറിഷ്യോ പോച്ചെറ്റിനോയെ പുറത്താക്കിയതിനെ തുടര്‍ന്നാണ് ടോട്ടന്‍ഹാമിനെ പരിശീലിപ്പിക്കാന്‍ ഹൊസെ മൗറിന്യോക്ക് അവസരം ലഭിച്ചത്. മൗറിന്യോക്ക് കീഴില്‍ എറെ മുന്നേറാന്‍ സാധിച്ച ടോട്ടന്‍ഹാം ഇത്തവണ ഇംഗ്ലീഷ് പ്രീമയിര്‍ ലീഗിലും ഭേദപ്പെട്ട പ്രകടമാണ് കാഴ്‌ചവെക്കുന്നത്.
പ്രീമിയര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് മൗറിന്യോയുടെ ശിഷ്യന്‍മാര്‍. 16 മത്സരങ്ങളില്‍ നിന്നും എട്ട് ജയവും അഞ്ച് സമനിലയുമുള്ള ടോട്ടന്‍ഹാമിന് 29 പോയിന്‍റാണുള്ളത്. ലീഗിലെ അടുത്ത മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയാണ് ടോട്ടന്‍ഹാമിന്‍റെ എതിരാളികള്‍. പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും മുന്നേറുകയാണ് ടോട്ടന്‍ഹാം ലക്ഷ്യമിടുന്നത്. കറബാവോ കപ്പ് ഉള്‍പ്പെടെ അതിനുള്ള ചവിട്ടുപടികളായാകും മൗറിന്യോ കണക്കാക്കുക.
മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന മാഞ്ചസ്റ്റര്‍ ഡര്‍ബിക്ക് ശേഷം ടോട്ടന്‍ഹാമിന്‍റെ എതിരാളികള്‍ ആരെന്ന് അറിയാന്‍ സാധിക്കും. വ്യാഴാഴ്‌ച പുലര്‍ച്ചെ നടക്കാനിരിക്കുന്ന രണ്ടാമത്തെ സെമി പോരാട്ടം മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡിലാണ് സെമി പോരാട്ടം.