ഐഎം വിജയന് ജന്മദിനാശംസ നേര്‍ന്നിരിക്കുകയാണ് ഒരുകാലത്ത് ബാഴ്‌സലോണയുടെ മധ്യനിര അടക്കിവാണ ചാവി ഹെര്‍ണാണ്ടസ്. ഖത്തറില്‍ നിന്നാണ് മുന്‍ സ്‌പാനിഷ് മിഡ്‌ഫീല്‍ഡര്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്തമുത്തിന് ആശംസയുമായി എത്തിയത്.
ഇതോടെ വിജയന്‍റെ 52-ാം ജന്മദിനാഘോഷം അന്താരാഷ്‌ട്ര തലത്തിലേക്ക് ഉയര്‍ന്നു. തൃശൂര്‍ സ്വദേശിയായ പ്രവാസി വഴിയാണ് വിജയന് ആശംസയുമായി ചാവി ഹെര്‍ണാണ്ടസ് എത്തിയത്. ചാവി കയ്യൊപ്പിട്ട ജേഴ്‌സിയും വിജയന് പിറന്നാള്‍ സമ്മാനമായി അയച്ചുനല്‍കിയിട്ടുണ്ട്.
പ്രതിസന്ധികളെ കാല്‍പന്ത് കളിയിലൂടെ മറികടന്ന് ഫുട്ബോള്‍ പ്രേമികളുടെ ഹൃദയത്തില്‍ ഇടംനേടുകയായിരുന്നു വിജയന്‍. 1969 ഏപ്രില്‍ 25ന് തൃശൂരില്‍ ജനിച്ച വിജയന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത് ഡിജിപി എംകെ ജോസഫാണ്. അദ്ദേഹത്തിലൂടെ കേരള പൊലീസ് ടീമിന്‍റെ ഭാഗമായ വിജയന്‍ പിന്നീട് രാജ്യത്തെ പ്രതിനിധീകരിച്ച് കളിച്ച് കപ്പടിച്ചു. ബൈച്ചുങ് ബൂട്ടിയക്കൊപ്പം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫോര്‍വേഡായി മാറി വിജയന്‍. രാജ്യത്തിനായി 79 തവണ ബൂട്ടണിഞ്ഞ വിജയന്‍ 40 തവണ വല കുലുക്കി. പിന്നാലെ 2000 മുതല്‍ 2004 വരെ ഇന്ത്യന്‍ ടീമിന്‍റെ അമരത്തും വിജയന്‍ സ്ഥാനമുറപ്പിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ വേഗമേറിയ ഗോള്‍ അടക്കം വിജയന്‍റെ പേരിലാണ്.
സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പില്‍ ഭൂട്ടാനെതിരെ 12-ാം സെക്കന്‍റില്‍ ഗോള്‍ കണ്ടെത്തിയാണ് വിജയന്‍ റെക്കോഡിട്ടത്. അന്താരാഷ്‌ട്ര തലത്തിലെന്ന പോലെ ക്ലബ് ഫുട്‌ബോളിലും നിറസാന്നിധ്യമായ വിജയന്‍ മോഹന്‍ബഗാനും, ഈസ്റ്റ് ബംഗാളിനും, ചര്‍ച്ചില്‍ ബ്രദേഴ്‌സിനും, എഫ്‌സി കൊച്ചിന്‍ ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടി. വിരമിക്കുന്നതിന് മുമ്പ് 2003ല്‍ വിജയനെ രാജ്യം അര്‍ജുന പുരസ്‌കാരം നല്‍കി ആദരിച്ചു. ഫുട്‌ബോളിനപ്പുറം സിനിമയിലും വിജയന്‍റെ സാന്നിധ്യമുണ്ട്. മലയാളത്തിലും തമിഴിലുമായി 20ലധികം സിനിമകളില്‍ വിജയന്‍ അഭിനയിച്ചു.