മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് എതിരെ അട്ടിമറി ജയവുമായി വലന്‍സിയ. കാര്‍ലോസ് സോളറിന്‍റെ ഹാട്രിക്ക് ഗോളിന്‍റെ മികവിലാണ് വലന്‍സിയ റയലിനെ തളച്ചത്. പെനാല്‍ട്ടിയിലൂടെയാണ് സോളറിന്‍റെ മൂന്ന് ഗോളുകളും പിറന്നത്. ആദ്യ പകുതിയിലെ 35ാം മിനിട്ടിലും രണ്ടാം പകുതിയിലെ (54), (63) മിനിട്ടുകളിലാണ് സോളറിന്‍റെ കാലുകളില്‍ നിന്നും ഗോളുകള്‍ പിറന്നത്. 43ാം മിനിട്ടില്‍ പ്രതിരോധ താരം റാഫേല്‍ വരാനെയുടെ ഓണ്‍ ഗോളിലൂടെ വലന്‍സിയ ലീഡ് നാലാക്കി ഉയര്‍ത്തി. 23ാം മിനിട്ടില്‍ മുന്നേറ്റ താരം കരീം ബെന്‍സേമയിലൂടെ റയല്‍ ആദ്യ ഗോള്‍ സ്വന്തമാക്കിയെങ്കിലും ലീഡ് നിലനിര്‍ത്താനായില്ല.
റയലിനെ അട്ടിമറിച്ച് വലന്‍സിയ; സോളര്‍ക്ക് ഹാട്രിക്ക്
പെനാല്‍ട്ടിയിലൂടെ കാര്‍ലോസ് സോളര്‍ സ്വന്തമാക്കിയ ഹാട്രിക്ക് ഗോളിന്‍റെ മികവിലാണ് വലന്‍സിയ നാലിനെതിരെ ഒരു ഗോളിന്‍റെ അട്ടിമറി ജയം റയല്‍ മാഡ്രിഡിന് എതിരെ സ്വന്തമാക്കിയത്
2018 ഒക്‌ടോബറില്‍ ബാഴ്‌സലോണക്ക് എതിരെ അഞ്ച് ഗോള്‍ വഴങ്ങിയതിന് ശേഷം ഇതാദ്യമായാണ് റയല്‍ മാഡ്രിഡ് ഒരു ലാലിഗ മത്സരത്തില്‍ നാല് ഗോള്‍ വഴങ്ങുന്നത്. ലീഗിലെ ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയങ്ങള്‍ മാത്രമുള്ള സിനദന്‍ സിദാന്‍റെ ശിഷ്യന്‍മാര്‍ക്ക് മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. മോശം ദിവസം മോശം മത്സരമെന്നായിരുന്നു മാച്ചിന് ശേഷം പരിശീലകന്‍ സിദാന്‍റെ പ്രതികരണം.
ലീഗിലെ അടുത്ത മത്സരത്തില്‍ വിയ്യാറയലാണ് റയല്‍ മാഡ്രിഡിന്‍റെ എതിരാളികള്‍. ഈ മാസം 21ന് റയലിന്‍റെ ഹോം ഗ്രൗണ്ടില്‍ രാത്രി 8.15നാണ് മത്സരം. 23ന് നടക്കുന്ന അടുത്ത മത്സരത്തില്‍ വലന്‍സി ആല്‍വേസിനെ നേരിടും.