ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ ആദ്യ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. യുണൈറ്റഡ് സീസണിലെ ആദ്യ എവേ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രൈറ്റണെ പരാജയപ്പെടുത്തി.
പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ ജയവുമായി യുണൈറ്റഡ് - മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം വാര്‍ത്ത
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രൈറ്റണിനെ പരാജയപ്പെടുത്തി.
രണ്ടാം പകുതിയിലെ 55ാം മിനിട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡും അധികസമയത്ത് പെനാല്‍ട്ടിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസും യുണൈറ്റഡിനായി വല കുലുക്കി. ആദ്യപകുതിയിലെ 43ാം മിനിട്ടില്‍ ബ്രൈറ്റണ്‍ താരം ലൂയി ഡങ്കിന്‍റെ ഓണ്‍ ഗോളും യുണൈറ്റഡിന് മുതല്‍കൂട്ടായി.
40ാം മിനിട്ടില്‍ നീല്‍ മാവുപേയാണ് ബ്രൈറ്റണായി ആദ്യ ഗോള്‍ സ്വന്തമാക്കിയത്. പെനാല്‍ട്ടിയിലൂടെയായിരുന്നു മാവുപേയുടെ ഗോള്‍. ഇഞ്ച്വറി ടൈമില്‍ സോളി മാര്‍ച്ചും ബ്രൈറ്റണ് വേണ്ടി ഗോള്‍ സ്വന്തമാക്കി. നേരത്തെ കളിയുടെ തുടക്കത്തില്‍ മാര്‍ഷ്യലിന്‍റെ ഒരു ഗോള്‍ റഫറി ഓഫ് സൈഡ് വിളിച്ചതിനെ തുടര്‍ന്ന് പാഴായി. നേരത്തെ ക്രിസ്റ്റല്‍ പാലസിന് എതിരായ സീസണിലെ ആദ്യ മത്സരത്തില്‍ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഹോം ഗ്രൗണ്ടിലെ പരാജയം യുണൈറ്റഡിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.