സീസണില്‍ ഹോം ഗ്രൗണ്ട് ജയം സ്വന്തമാക്കിയതിന്‍റെ ആശ്വാസത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് വെസ്റ്റ് ബ്രോമിനെയാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലെ 56ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിനായി വല കുലുക്കിയത്. വാറിന്‍റെ ആനുകൂല്യത്തിലാണ് ബ്രൂണോ ഗോള്‍ സ്വന്തമാക്കിയത്.
സീസണില്‍ ആദ്യ ഹോം ഗ്രൗണ്ട് ജയവുമായി യുണൈറ്റഡ് - പ്രീമിയര്‍ ലീഗില്‍ ഇന്ന് വാര്‍ത്ത
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ബ്രോമിന് എതിരെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ജയം
ആദ്യ കിക്ക് വെസ്റ്റ് ബ്രോമിന്‍റെ ഗോള്‍കീപ്പര്‍ ജോണ്‍സ്റ്റണ്‍ തടഞ്ഞെങ്കിലും വാറിലൂടെ അനുവദിച്ച രണ്ടാമത്ത കിക്ക് ഫെര്‍ണാണ്ടസ് വലയിലെത്തിച്ചു. വെസ്റ്റ് ബ്രൗമിന്‍റെ പ്രതിരോധ താരം ഫുര്‍ലോങ്ങ് ബോക്‌സിനുള്ളില്‍ വെച്ച് ഹാന്‍ഡ് ബോള്‍ വഴങ്ങിയതിനെ തുടര്‍ന്നാണ് റഫറി പെനാല്‍ട്ടി അനുവദിച്ചത്. പന്തടക്കത്തിലും ആക്രമണത്തിലും ഏറെ മുന്നിലായിരുന്നു ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മുന്നില്‍ നിന്ന യുണൈറ്റഡിന്‍റെ ഗോളടിക്കാനുള്ള പല ശ്രമങ്ങളും ഗോള്‍കീപ്പര്‍ ജോണ്‍സ്റ്റണിന്‍റെ കൈകളില്‍ തട്ടി നില്‍ക്കുകയായിരുന്നു. മികച്ച ഫോമിലായിരുന്ന ജോണ്‍സ്റ്റണിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
സതാംപ്‌റ്റണിന് എതിരെ ഈ മാസം 29ന് രാത്രി 7.30ാണ് യുണൈറ്റഡിന്‍റെ ലീഗിലെ അടുത്ത മത്സരം. അന്നേ ദിവസം പുലര്‍ച്ചെ 1.30ന് നടക്കുന്ന അടുത്ത മത്സരത്തില്‍ വെസ്റ്റ് ബ്രോം ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടും.