മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ ആല്‍വേസിന്‍റെ വല നിറച്ച് നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ്. മുന്നേറ്റ താരം കരീം ബെന്‍സേമ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു റയലിന്‍റെ ജയം. ആദ്യ പകുതിയുടെ 15ാം മിനിട്ടില്‍ തകര്‍പ്പന്‍ ഹെഡറിലൂടെ മധ്യനിര താരം കസേമിറോ റയലിനായി ആദ്യ ഗോള്‍ സ്വന്തമാക്കി.
പിന്നാലെ കരീം ബെന്‍സേമ 41ാം മിനിട്ടിലും 70ാം മിനിട്ടിലും ആല്‍വേസിന്‍റെ വല കുലുക്കി. ബോക്‌സിനുള്ളില്‍ നിന്നും തൊടുത്ത ഷോട്ടിലൂടെയായിരുന്നു ബെന്‍സേമയുടെ ആദ്യ ഗോള്‍. ആല്‍വേസിന്‍റെ ഗോളി ഫെര്‍ണാണ്ടോ പച്ചേക്കോക്ക് കാഴ്‌ചക്കാരനായി നില്‍ക്കാനേ സാധിച്ചുള്ളൂ. ഇടത് വിങ്ങില്‍ നിന്നും ടോണി ക്രൂസ് നല്‍കിയ അസിസ്റ്റാണ് ബെന്‍സേമ ഗോളാക്കി മാറ്റിയത്.
രണ്ടാം പകുതിയില്‍ ഇടത് വിങ്ങില്‍ നിന്നും പന്തുമായി കുതിച്ചെത്തിയ ബെന്‍സേമ പ്രതിരോധത്തെ വകഞ്ഞ് മാറ്റിയാണ് ഗോള്‍ സ്വന്തമാക്കിയത്. ബോക്‌സിനുള്ളില്‍ നിന്നും തൊടുത്ത ഷോട്ടിലൂടെയാണ് ബെന്‍സേമ പന്ത് വലയിലെത്തിച്ചത്. ആദ്യ പകുതിയുടെ അധികസമയത്ത് ഈഡന്‍ ഹസാഡും പന്ത് വലയിലെത്തിച്ചു. ആല്‍വേസിനായി ഫോര്‍വേഡ് ജൊസേലു ആശ്വാസ ഗോള്‍ സ്വന്തമാക്കി.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ആല്‍വേസ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 19 മത്സരങ്ങളില്‍ നിന്ന് 12 ജയവും നാല് സമനിലയും ഉള്‍പ്പെടെ 40 പോയിന്‍റാണ് റയലിനുള്ളത്. 18 പോയിന്‍റ് മാത്രമുള്ള ആല്‍വേസ് പട്ടികയില്‍ 17ാം സ്ഥാനത്താണ്. പരിശീലകന്‍ സിനദന്‍ സിദാന്‍ ഇല്ലാതെ ഇറങ്ങിയ മത്സരത്തിലും വമ്പന്‍ ജയം സ്വന്തമാക്കാന്‍ സാധിച്ചതിന്‍റെ ആവേശത്തിലാണ് റയലിന്‍റെ ക്യാമ്പ്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സിദാന്‍ മത്സരത്തില്‍ നിന്നും വിട്ടുനിന്നത്. സിദാന്‍റെ അഭാവത്തില്‍ ബെറ്റോണിയാണ് പരിശീലക വേഷത്തില്‍ എത്തിയത്.