ലണ്ടന്‍: ആരാധകർക്കൊപ്പമുള്ള മികച്ച പഴയ ഫുട്‌ബോൾ ഉടന്‍ തന്നെ തിരിച്ചുവരുമെന്ന് യുവേഫ ചീഫ് അലക്‌സാണ്ടർ സെഫറിന്‍. വൈറസ് എല്ലാ കാലത്തും ഉണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. അടുത്ത് തന്നെ അനുകൂലമായ മാറ്റമുണ്ടാകും. ഫുട്ബോളില്‍ സമൂലമായ മാറ്റം കൊവിഡ് 19 ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നില്ല. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾക്ക് ശേഷം ഫുട്‌ബോളിന് പരിണാമം സംഭവിച്ചിട്ടില്ല. വൈറസ് കാരണവും അതിന് മാറ്റമുണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പഴയ ഫുട്‌ബോൾ ഉടന്‍ തിരിച്ചുവരുമെന്ന് യുവേഫ
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾക്ക് ശേഷം ഫുട്‌ബോളിന് പരിണാമം സംഭവിച്ചിട്ടില്ലെന്നും ഇനി ഒരു വൈറസിന് അതിന് സാധിക്കില്ലെന്നും യുവേഫ ചീഫ് അലക്‌സാണ്ടർ സെഫറിന്‍
ഫുട്‌ബോൾ തിരിച്ചുവരുന്ന കാര്യത്തില്‍ മില്യണ്‍ ഡോളറിന്‍റെ വാതുവെക്കാന്‍ തയ്യാറുണ്ടോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അലക്‌സാണ്ടർ സെഫറിന്‍. ഈ വിഷയത്തില്‍ വാതുവെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിലെ എല്ലാ ഫുട്‌ബോൾ മത്സരങ്ങളും മാർച്ച് മധ്യത്തോടെ കൊവിഡ് 19 കാരണം നിർത്തിവെച്ചിരിക്കുകയാണ്. മെയ് മധ്യത്തോടെ ജർമന്‍ ഫുട്‌ബോൾ ലീഗായ ബുണ്ടസ് ലീഗ മാത്രമാണ് ഇതിനകം പുനരാരംഭിച്ചത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ കർശന സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ പാലിച്ചാണ് നിലവില്‍ ലീഗില്‍ മത്സരങ്ങൾ നടക്കുന്നത്. അതേസമയം യൂറോപ്പിലെ മറ്റ് ലീഗുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണ്.