ലിസ്‌ബണ്‍: യുവേഫ നേഷന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്നു. സ്വന്തം നാട്ടില്‍ ഞായറാഴ്‌ച പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ ക്രൊയേഷ്യയാണ് എതിരാളികള്‍. പോര്‍ട്ടോയില്‍ നടക്കുന്ന മത്സരത്തില്‍ പക്ഷേ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറങ്കിപടക്ക് വേണ്ടി കളിക്കുന്ന കാര്യം സംശയമാണ്. കാല്‍ വിരലിനേറ്റ അണുബാധയാണ് താരത്തെ വലക്കുന്നത്. ബുധനാഴ്‌ചയും വ്യാഴാഴ്‌ചയും നടന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിന് പകരം ജിമ്മിലാണ് റൊണാള്‍ഡോ കൂടുതല്‍ സമയം ചെലവഴിച്ചത്.
അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ 100 ഗോളുകള്‍ തികക്കാന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന് ഇനി ഒരു പടി കൂടി കടന്നാല്‍ മാത്രം മതി. 164 മത്സരങ്ങളില്‍ നിന്നും നിലവില്‍ 99 ഗോളുകളാണ് റോണോയുടെ അക്കൗണ്ടില്‍ ഉള്ളത്. ഓഗസ്റ്റില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസിന് വേണ്ടിയാണ് റോണോ അവസാനമായി ബൂട്ടണിഞ്ഞത്. അന്ന് ലിയോണിനോട് പരാജയപ്പെട്ട് യുവന്‍റസ് പുറത്തായിരുന്നു. 35 വയസുള്ള റൊണാള്‍ഡോ ഈ സീസണില്‍ ഇതിനകം 37 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു കഴിഞ്ഞു. റൊണാള്‍ഡോയെ കൂടാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ബ്രൂണോ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പറങ്കിപടക്കായി ക്രോയേഷ്യയെ നേരിടും. കഴിഞ്ഞ സീസണില്‍ ഡച്ച് ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് റൊണാള്‍ഡോയും കൂട്ടരും നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്.