യൂറോപ്പ ലീഗ് ഫൈനലിൽ ഇന്ന് ഇംഗ്ലീഷ് ടീമുകളായ ചെൽസിയും ആഴ്സണലും നേർക്കുനേർ. കിരീടങ്ങളൊന്നുമില്ലാതെ സീസണിൽ മോശം പ്രകടനം കാഴ്ച്ചവച്ച ഇരുടീമുകളും യൂറോപ്പിലെ രണ്ടാംനിര ലീഗായ യൂറോപ്പ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഇന്നിറങ്ങുന്നത്.
യൂറോപ്പ ലീഗിൽ ഇന്ന് ലണ്ടൻ ഫൈനൽ - ഈഡൻ ഹസാർഡ്
പ്രീമിയർ ലീഗിലെ മോശം പ്രകടനങ്ങൾക്ക് ശേഷം സീസണിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇരുടീമും ഇന്നിറങ്ങുന്നത്.
പുതിയ പരിശീലകൻ മൗറീസിയോ സാരിയുടെ കീഴിൽ മോശം പ്രകടനങ്ങൾ കാഴ്ചവച്ചെങ്കിലും സീസൺ അവസാനമായപ്പോഴേക്കും ചാമ്പ്യൻസ് ലീഗ് യോഗ്യതയും യൂറോപ്പ ഫൈനലും നീലപ്പടക്ക് സ്വന്തമായി. സെമിയിൽ ജർമ്മൻ ക്ലബ്ബ് ഫ്രാങ്ക്ഫർട്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ചെൽസി ഫൈനലിൽ പ്രവേശിച്ചത്. ഈഡൻ ഹസാർഡ്, പെഡ്രോ റോഡ്രിഗസ്, വില്യൻ, ഹിഗ്വെയ്ൻ തുടങ്ങിയ താരങ്ങളിലാണ് ചെൽസിയുടെ പ്രതീക്ഷ. എന്നാൽ പരിക്കേറ്റ എൻഗോളോ കാന്‍റെ, റൂബൻ ലോഫ്ടസ് ചീക്ക്, കല്ലം ഹട്സൺ ഒഡോയ് തുടങ്ങിയവരുടെ അഭാവം ടീമിന് തിരിച്ചടിയായേക്കും. സൂപ്പർ താരം ഹസാർഡിന്‍റെ റയൽ മാഡ്രിഡിലേക്കുള്ള കൂടുമാറ്റത്തിന് മുന്നോടിയായുള്ള ചെൽസിയിലെ അവസാന മത്സരം കൂടിയാകും ഇന്ന്.
മറുവശത്ത് ഉനൈ എമിറിയുടെ കീഴിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ആഴ്സണൽ എത്തുന്നത്. പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഗണ്ണേഴ്സിന് ഇന്ന് ജയിച്ചാൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാം. എമെറിക് ഒബമെയാങ്, അലക്സാന്ദ്രെ ലാകാസറ്റെ, മെസൂട്ട് ഓസിൽ അടങ്ങിയ മുന്നേറ്റ നിരയിലാണ് ആഴ്സണൽ വിശ്വാസമർപ്പിക്കുന്നത്. എന്നാൽ സ്ഥിരതയില്ലായ്മയും പ്രതിരോധ നിരയിൽ മികച്ച താരങ്ങളില്ലാത്തതുമാണ് ആഴ്സണലിന്‍റെ തലവേദന. മത്സരം പുലർച്ചെ 12.30 ന് തുർക്കിയിലെ ബാക്കു ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ.