കേരളം

kerala

ETV Bharat / sports

യൂറോപ്പ ലീഗിലും ഇംഗ്ലീഷ് ഫൈനൽ - ആഴ്സണൽ

ചെൽസി എയിൻട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയപ്പോൾ ആഴ്സണൽ വലെൻസിയയെ ഇരുപാദങ്ങളിലുമായി 7-3 ന് തകർത്താണ് ഫൈനലിൽ ഇടംപിടിച്ചത്.

യുവേഫ യൂറോപ്പ ലീഗ്

By

Published : May 10, 2019, 10:19 AM IST

യുവേഫ യൂറോപ്പ ലീഗ് ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബുകളായ ചെൽസിയും ആഴ്സണലും ഏറ്റുമുട്ടും. സെമിയില്‍ ചെല്‍സി എയിൻട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിനെയും ആഴ്സണൽ വലെൻസിയയും തോൽപ്പിച്ചാണ് ഫൈനലിൽ ഇടംപിടിച്ചത്. ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ - ടോട്ടനം ഫൈനലിന് കളമൊരുങ്ങിയതിനു പിന്നാലെയാണ് യുവേഫയുടെ രണ്ടാംനിര ലീഗിലും ഇംഗ്ലീഷ് ഫൈനലിന് തയ്യാറെടുക്കുന്നത്.

ജർമ്മൻ ക്ലബ്ബ് എയിൻട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ചെൽസി പരാജയപ്പെടുത്തിയത്. ആദ്യപാദ സെമിയിൽ 1-1 ന് സമനിലയിൽ അവസാനിച്ചിരുന്നു. രണ്ടാംപാദത്തിൽ സ്വന്തം മൈതാനത്ത് അനായസ ജയം തേടിയിറങ്ങിയ ചെൽസിയെ വീണ്ടും 1-1 ന് പിടിച്ചുകെട്ടാൻ ജർമ്മൻ ക്ലബ്ബിനായി. ഇതോടെ ഇരുപാദങ്ങളിലുമായി 2-2 ന്‍റെ സമനിലയിൽ പിരിഞ്ഞപ്പോൾ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. അധികസമയത്തും ഇരുടീമുകൾക്കും ഗോളുകൾ നേടാൻ സാധിക്കാതെ വന്നപ്പോൾ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ 4-3 നാണ് ചെൽസിയുടെ ജയം.

വലെൻസിയക്കെതിരെ ഇരുപാദങ്ങളിലുമായി 7-3 ന്‍റെ തകർപ്പൻ ജയമാണ് ആഴ്സണൽ സ്വന്തമാക്കിയത്. ആദ്യപാദത്തിൽ 3-1 ന് ജയിച്ച ആഴ്സണൽ ഫൈനൽ ഉറപ്പാക്കിയാണ് സ്പാനിഷ് ക്ലബ്ബിനെതിരെ ഇറങ്ങിയത്. രണ്ടാംപാദത്തിൽ എമെറിക് ഒബിമിയാങിന്‍റെ ഹാട്രിക്ക് മികവാണ് ആഴ്‌സണലിന് 4- 2 ന്‍റെ ജയം നേടിക്കൊടുത്തത്. ഫൈനലിൽ ചെൽസിയെ തോൽപ്പിച്ച് യൂറോപ്പ കിരീടം സ്വന്തമാക്കുകയാണെങ്കിൽ ആഴ്സണലിന് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കും.

സ്പാനിഷ് ആധിപത്യം തകർക്കുന്നതാണ് രണ്ട് യുവേഫ ടൂർണമെന്‍റിലും ഇംഗ്ലീഷ് ക്ലബ്ബുകൾ ഫൈനലിൽ എത്തിയത് സൂചിപ്പിക്കുന്നത്. ഇത്തവണ ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും ഇംഗ്ലണ്ടിൽ എത്തും. ഈ മാസം 29നാണ് യൂറോപ്പ ലീഗ് ഫൈനൽ. ജൂൺ ഒന്നിന് ചാമ്പ്യൻസ് ലീഗ് ഫൈനലും നടക്കും.

ABOUT THE AUTHOR

...view details