മ്യൂണിക്ക്: യൂറോ കപ്പിലെ മരണഗ്രൂപ്പിലെ മരണപ്പോരിന് ഇന്ന് തുടക്കം. ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തില്‍ ഇന്ന് ഫ്രാൻസ് ജർമ്മനി ക്ലാസിക് പോരാട്ടം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് മത്സരം നടക്കുക. കഴിഞ്ഞ ലോകകപ്പിലെ സെമിയിലേറ്റ പരാജയത്തിന് കണക്ക് തീര്‍ക്കാന്‍ ജര്‍മ്മനിയും ടൂര്‍ണമെന്‍റില്‍ കുതിപ്പ് നടത്താന്‍ ഫ്രാന്‍സുമിറങ്ങുമ്പോള്‍ അലയൻസ് അരീനയില്‍ തീ പാറുമെന്നുറപ്പ്.
താരനിര ദിദിയറിന് തലവേദന
താരസമ്പന്നതയാല്‍ വീർപ്പുമുട്ടുന്ന ടീമാണ് ദിദിയർ ദെഷാംപ്‌സ് പരിശീലിപ്പിക്കുന്ന ഫ്രാൻസ്. നായകൻ ഹ്യൂഗോ ലോറിസ് ഗോൾവലയ്ക്ക് മുന്നിലെത്തുമ്പോള്‍ പ്രതിരോധം മുതല്‍ മുന്നേറ്റം വരെ ആരെയെല്ലാം കളിപ്പിക്കുമെന്നതാണ് ദിദിയറിന് തലവേദന. ബെഞ്ചമിൻ പവാർഡ്, റാഫേല്‍ വരാനെ, ലൂക്കാസ് ഹെർണാണ്ടസ്, കിംപെംബെ, ലാംങ്‌ലെറ്റ് കുർട്ട് സോമ, ഫെർലാൻഡ് മെൻഡി എന്നിവർ അടങ്ങിയ നിരയെ കീഴ്‌പ്പെടുത്തുക പ്രയാസമാണ്.
also read: സെൽഫിലും ചുവപ്പിലും കുരുങ്ങി പോളണ്ട് ; സ്ലൊവാക്യയ്ക്ക് ജയം
മധ്യനിരയില്‍ കളി മെനയാൻ പോൾ പോഗ്‌ബ, ടോളിസോ, എൻഗോള കാന്‍റെ, ആഡ്രിയൻ റാബിയറ്റ്, മൗസ സിസോകോ എന്നിവർ. മുന്നേറ്റത്തില്‍ അന്‍റോണിയോ ഗ്രീസ്‌മാൻ, ഒലിവർ ജിറൗഡ്, കെലിയൻ എംബാപ്പെ, ഒസ്‌മാനെ ഡെബെലെ, കരിം ബെൻസമ, കിംഗ്‌ലി കോമാൻ, മാർകസ് തുറാം, ആന്‍റണി മാർഷ്യല്‍ എന്നിങ്ങനെ ലോക നിലവാരത്തിനും അപ്പുറമുള്ള താരങ്ങള്‍. ഇവരില്‍ ആരെ തള്ളും ആരെ കൊള്ളും എന്ന ചിന്ത മാത്രമായിരിക്കും ദിദിയറിനെ അലട്ടുക.
ലോയുടെ സംഘം എന്തിനും പോന്നവര്‍
മറുവശത്ത് വെറ്ററൻ താരങ്ങളായ തോമസ് മുള്ളറേയും മാറ്റ് ഹമ്മൽസിനെയും തിരികെ വിളിച്ച് പോരാടാനുറച്ചാണ് യോക്വിം ലോയുടേയും സംഘത്തിന്‍റേയും വരവ്. അന്‍റോണിയോ റൂഡിഗർ, മാറ്റ് ഹമ്മല്‍സ്, നിക്കോളാസ് സുലെ, മതിയാസ് ജിൻടെർ, ക്ലോസ്റ്റർമാൻ എന്നിവരുള്‍പ്പെടുന്ന പ്രതിരോധം ശരിക്കും ജർമൻ മതില്‍ തന്നെയാണ്. മധ്യനിരയില്‍ ജോഷ്വ കിമ്മിച്ച്, കാവി ഹാവെർട്സ്, ടോണി ക്രൂസ്, ലിയോൺ ഗോർട്‌സ്‌കെ, ലിറോസ് സാനെ, ഗുൺടോഗൻ, തോമസ് മുള്ളർ, എംറെ കാൻ, ജൂലിയൻ ഡ്രാക്‌സ്‌ലർ, ജൂലിയൻ ബ്രാൻഡിറ്റ് എന്നിവരൊന്നിക്കുമ്പോള്‍ ഫ്രാന്‍സിന് വിയര്‍ക്കേണ്ടി വരും. മുന്നേറ്റത്തില്‍ തിമോ വെർണർ, സെർജെ ഗ്‌നാബ്രിയും ചേരുമ്പോൾ ജര്‍മ്മന്‍ സംഘം എന്തിനും പോന്നവരാവും.
കളിയിലെ കണക്കുകള്‍
1931ലെ ആദ്യ മത്സരം മുതല്‍ക്ക് 31 മത്സരങ്ങളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 14 മത്സരങ്ങളില്‍ ഫ്രാന്‍സും 10 മത്സരങ്ങളില്‍ ജര്‍മ്മനിയും വിജയം കണ്ടു. ഏഴ് മത്സരങ്ങളാണ് സമനിലയില്‍ അവസാനിച്ചത്. അതേസമയം കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ജര്‍മ്മനിക്ക് നീലപ്പടയെ തോല്‍പ്പിക്കാനായിട്ടില്ല. ജര്‍മ്മനി ലോക കിരീടം ചൂടിയ 2014ലാണ് അവര്‍ ഫ്രാന്‍സിനെ അവസാനമായി തോല്‍പ്പിച്ചത്. തുടര്‍ന്ന് ആറ് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണ വിജയം ഫ്രാന്‍സിനൊപ്പം നിന്നു. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. അതേസമയം 2018 ഒക്ടോബറിലാണ് ഇരു സംഘവും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 2-1ന് ഫ്രാന്‍സ് ജര്‍മ്മനിയെ തോല്‍പ്പിച്ചിരുന്നു.