കേരളം

kerala

ETV Bharat / sports

യൂറോയില്‍ ക്വാര്‍ട്ടറുറപ്പിക്കാന്‍ വമ്പന്മാര്‍ ; ഫ്രാന്‍സും സ്പെയിനും ഇന്നിറങ്ങുന്നു, സ്വിറ്റ്സര്‍ലന്‍ഡും ക്രൊയേഷ്യയും എതിരാളികള്‍ - Euro 2020

ലോകകപ്പ് രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങാനായിട്ടില്ല. ഓരോ തോല്‍വിയും വിജയവും സമനിലയും കണ്ടെത്തിയാണ് സംഘം അവസാന 16ല്‍ ഇടം നേടിയത്.

Croatia vs Spain  UEFA Euro 2020  france vs switzerland  ക്രൊയേഷ്യ vs സ്പെയ്ന്‍  ഫ്രാന്‍സ് vs സ്വിറ്റ്സര്‍ലന്‍ഡ്  Euro 2020  Euro cup
യൂറോയില്‍ ക്വാര്‍ട്ടറുറപ്പിക്കാന്‍ വമ്പന്മാര്‍; ഫ്രാന്‍സും സ്പെയിനും ഇന്നിറങ്ങുന്നു, സ്വിറ്റ്സര്‍ലന്‍ഡും ക്രൊയേഷ്യയും എതിരാളികള്‍

By

Published : Jun 28, 2021, 9:04 PM IST

ബുക്കാറസ്റ്റ് : യൂറോ കപ്പില്‍ ക്വാര്‍ട്ടറുറപ്പിക്കാന്‍ ഇന്ന് വമ്പന്മാരിറങ്ങുന്നു. രാത്രി 9.30ന് നടക്കുന്ന മത്സരത്തില്‍ സ്പെയിന്‍ ക്രൊയേഷ്യയേയും, പുലര്‍ച്ചെ 12.30 ന് നടക്കുന്ന മത്സരത്തില്‍ ഫ്രാന്‍സ് സ്വിറ്റ്സര്‍ലന്‍ഡിനേയും നേരിടും. ഗ്രൂപ്പ് ഡി, ഗ്രൂപ്പ് ഇ എന്നിവയില്‍ രണ്ടാം സ്ഥാനക്കാരായാണ് ക്രൊയേഷ്യയും സ്പെയിനുമെത്തുന്നത്.

ക്രൊയേഷ്യ vs സ്പെയ്ന്‍

ലോകകപ്പ് രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങാനായിട്ടില്ല. ഓരോ തോല്‍വിയും വിജയവും സമനിലയും കണ്ടെത്തിയാണ് സംഘം അവസാന 16ല്‍ ഇടം നേടിയത്. നായകൻ ലൂക്ക മോഡ്രിച്ചില്‍ തന്നെയാണ് ക്രോയേഷ്യയുടെ പ്രതീക്ഷ.

മാർസെലോ ബ്രോസോവിച്, മത്തേയോ കൊവാസിച്ച്, നിക്കോള വ്ളാസിച്ച് തുടങ്ങിയവരുടെ പ്രകടനം നിര്‍ണായകമാവും. കൊവിഡ് ബാധിതനായ ഇവാൻ പെരിസിച്ചിന് പകരം ആൻറെ റെബിച്ചിന് അവസരം കിട്ടും. അതേസമയം നേരത്തെ മൂന്ന് തവണ യൂറോയില്‍ പ്രീക്വാര്‍ട്ടറിനിറങ്ങിയ സംഘം പുറത്തായതാണ് ചരിത്രം.

also read:കോപ്പ അമേരിക്ക: വിശ്രമമില്ലാതെ മെസി; അര്‍ജന്‍റീന ഇന്ന് അഞ്ചാം അങ്കത്തിന്

അതേസമയം തോല്‍വിയില്ലെങ്കിലും രണ്ട് സമനിലകള്‍ വഴങ്ങിയാണ് സ്പെയിന്‍ അവസാന 16ല്‍ ഇടം പിടിച്ചത്. ഫെറാൻ ടോറസ്, അൽവാരോ മൊറാറ്റ, ജെറാർഡ് മോറെനോ, പാബ്ലോ സറബിയ, ഡാനി ഓൾമോ എന്നിവരെ മുന്‍നിര്‍ത്തിയാവും കോച്ച് ലൂയിസ് എൻറീകേ തന്ത്രങ്ങൾ ആവിഷ്കരിക്കുക. അവസാന മത്സരത്തില്‍ തിളങ്ങിയ സെർജിയോ ബുസ്കറ്റ്സും നിര്‍ണായകമാവും.

ചരിത്രം പറയുന്നത്

അതേസമയം ഒമ്പത് മത്സരങ്ങളില്‍ ക്രൊയേഷ്യയും സ്പെയിനും നേരത്തെ പോരടിച്ചപ്പോള്‍ നാല് വിജയം സ്പെയിനിനൊപ്പവും മൂന്ന് വിജയങ്ങള്‍ ക്രൊയേഷ്യയ്‌ക്കൊപ്പവും നിന്നു. 2018ലാണ് ഇരു സംഘവും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് രണ്ടിനെതിരെ മൂന്ന് ഗോളിന് ക്രൊയേഷ്യ വിജയം പിടിച്ചിരുന്നു.

ഫ്രാന്‍സ് vs സ്വിറ്റ്സര്‍ലന്‍ഡ്

മരണ ഗ്രൂപ്പായ എഫില്‍ ഒരു വിജയവും രണ്ട് സമനിലയുമായി ഒന്നാം സ്ഥാനക്കാരായാണ് ഫ്രാന്‍സ് അവസാന 16ല്‍ ഇടം പിടിച്ചത്. അതേസമയം ഗ്രൂപ്പ് എയില്‍ ഒരോ വിജയവും, സമനിലയും, തോല്‍വിയുമായി മൂന്നാം സ്ഥാനക്കാരായാണ് സ്വിറ്റ്സര്‍ലന്‍ഡ് പ്രീക്വാര്‍ട്ടറില്‍ ഇടം പിടിച്ചത്.

കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൂടുതല്‍ സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്നത് ലോക കപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സിനാണ്. ഇതോടെ ഷെര്‍ദാന്‍ ഷാക്കിരിക്കും സംഘത്തിനും സമ്മര്‍ദങ്ങളില്ലാതെ കളത്തിലിറങ്ങാം.

കിലിയന്‍ എംബാപ്പേ, അന്‍റോയിന്‍ ഗ്രീസ്മാൻ, കരീം ബെൻസേമ എന്നിവരെ പിടിച്ചുകെട്ടുക സ്വിറ്റ്സര്‍ലന്‍ഡിന് എളുപ്പമാവില്ല. കൂടുതല്‍ പരിക്കുകളില്ലാത്തതിനാല്‍ ദീദിയര്‍ ദെഷാംപ്‌സിന്‍റെ സംഘത്തിന് മികച്ചുനില്‍ക്കാനാവും.

ചരിത്രം പറയുന്നത്

അതേസമയം ഇരു സംഘവും ഇതേവരെ 38 മത്സരങ്ങളില്‍ പോരടിച്ചപ്പോള്‍ 16 മത്സരങ്ങളും ഫ്രാന്‍സിനൊപ്പം നിന്നു. 12 മത്സരങ്ങളാണ് സ്വിറ്റ്സർലൻഡ് ജയിച്ച് കയറിയത്. 10 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. അതേസമയം 2016ലാണ് ഇരുസംഘവും അവസാനമായി ഏറ്റുമുട്ടിയത്. അന്നത്തെ മത്സരം ഗോളില്ലാസമനിലയിൽ അവസാനിച്ചു.

ABOUT THE AUTHOR

...view details