യൂവേഫ ചാമ്പ്യൻസ് ലീഗ് സെമിയുടെ ആദ്യപാദത്തിൽ ടോട്ടനം ഹോട്സ്പർ ഇന്ന് അയാക്സിനെ നേരിടും. ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ടോട്ടനം എത്തുമ്പോൾ ഇറ്റാലിയൻ വമ്പന്മാരായ യുവെന്‍റസിനെ അട്ടിമറിച്ചാണ് അയാക്സ് സെമിയിൽ പ്രവേശിച്ചത്.
ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇന്ന് ടോട്ടനം - അയാക്സ് പോരാട്ടം - അയാക്സ്
ക്വാർട്ടറിൽ ടോട്ടനം - മാഞ്ചസ്റ്റർ സിറ്റിയേയും അയാക്സ് - യുവെന്‍റസിനെയും തകർത്താണ് സെമിയിൽ പ്രവേശിച്ചത്. മത്സരം ഇന്ത്യൻ സമയം 12.15 ന് ടോട്ടനത്തിന്‍റെ ഹോം ഗ്രൗണ്ടായ വൈറ്റ്ഹാർട്ട് ലൈനിൽ.
ആദ്യ ചാമ്പ്യൻസ് ലീഗ് സെമി പോരാട്ടത്തിനാണ് ടോട്ടനം ഇറങ്ങുന്നത്. പ്രീക്വാര്‍ട്ടറില്‍ ജർമ്മൻ ടീം ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയും ക്വാര്‍ട്ടറില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെയും തകർത്താണ് ടോട്ടനത്തിന്‍റെ വരവ്. സ്വന്തം സ്റ്റേഡിയത്തില്‍ ആദ്യപാദ സെമിക്കിറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ഇംഗ്ലീഷ് ടീം പ്രതീക്ഷിക്കുന്നില്ല. ഏത് ടീമിന്‍റെ വെല്ലുവിളിയേയും മറികടക്കാനുള്ള കരുത്ത് പരിശീലകൻ പൊച്ചടീനോയുടെ ടോട്ടനത്തിനുണ്ട്. സൂപ്പർതാരം ഹാരി കെയിന്‍റെ പരിക്കും സൺ ഹ്യൂമെന്നിന്‍റെ സസ്പെൻഷനും ടീമിന് തിരിച്ചടിയാണെങ്കിലും ഡെലി അലി, ലൂക്കാസ് മൗര എന്നിവരിലാണ് ടീമിന്‍റെ പ്രതീക്ഷ.
ടൂർണമെന്‍റിലെ കറുത്ത കുതിരകളാണ് അയാക്സ്. പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരും സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിനെയും ക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവെന്‍റസിനെയും അട്ടിമറിച്ചാണ് ഹോളണ്ട് ടീമിന്‍റെ വരവ്. യുവനിരയുടെ കരുത്തിലാണ് ടീമിന്‍റെ പ്രതീക്ഷ. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ആറു തവണ ഫൈനലിലെത്തുകയും, നാല് തവണ കിരീടം നേടുകയും ചെയ്ത അയാക്സ് ഇത്തവണ കപ്പടിക്കുമെന്ന് വിശ്വസിക്കുന്നവരും ചുരുക്കമല്ല. പാസിങ് ഗെയിം എന്ന തന്ത്രമാണ് ഹോളണ്ട് ക്ലബ്ബിന്‍റെ ടാടിക്സ്. ഡി ലൈറ്റ്, ഡി ജോങ്, റ്റാഡിച്ച്, നെരെസ് എന്നവരടങ്ങുന്ന യുവനിരയാണ് ടീമിന്‍റെ കരുത്ത്.