നിയോൺ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ലൈനപ്പായി. സൂപ്പർ താരം ലയണല്‍ മെസിയും കിലിയൻ എംബാപ്പെയും ഉൾപ്പെടുന്ന പാരീസ് സെയിന്‍റ് ജെർമന് സ്‌പാനിഷ് വമ്പൻമാരായ റയല്‍ മാഡ്രിഡാണ് എതിരാളികൾ.
സ്വിറ്റ്‌സർലണ്ടിലെ നിയോണില്‍ നടന്ന ആദ്യ നറുക്കെടുപ്പില്‍ സാങ്കേതിക പിഴവുണ്ടായതിനെ തുടർന്ന് രണ്ടാമത് നടത്തിയ നറുക്കെടുപ്പിലാണ് പുതിയ മത്സര ക്രമം നിശ്‌ചയിച്ചത്. ഇറ്റാലിയൻ ക്ലബായ ഇന്‍റർമിലാനാണ് ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂളിന്‍റെ എതിരാളികൾ. യുവന്‍റസിന് സ്‌പാനിഷ് ടീമായ വില്ലാറയലാണ് എതിരാളികൾ.
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പാനിഷ് ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡിനെ പ്രീക്വാർട്ടറില്‍ നേരിടും. ചെല്‍സി ഫ്രഞ്ച് ക്ലബായ ലോസ്‌ക് ലില്ലെയെ നേരിടുമ്പോൾ പോർച്ചുഗല്‍ ക്ലബായ ബെൻഫിക്കയ്ക്ക് ഡച്ച് ക്ലബായ അയാക്‌സാണ് എതിരാളികൾ. മാഞ്ചസ്റ്റർ സിറ്റി പോർച്ചുഗല്‍ ക്ലബായ സ്പോർട്ടിങ് സിപിയെ നേരിടുമ്പോൾ ഓസ്‌ട്രിയൻ ക്ലബായ സാല്‍സ്‌ബർഗിനെയാണ് ബയേൺ മ്യൂണിക്ക് നേരിടുക.
ആദ്യ നറുക്കെടുപ്പില്‍ മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു പിഎസ്‌ജിയുടെ എതിരാളികൾ. മാഞ്ചസ്റ്ററിന്‍റെ പേരെഴുതിയ ബോൾ തെറ്റായ പാത്രത്തില്‍ വെച്ചതായിരുന്നു പിഴവിന് കാരണം. അത്‌ലറ്റിക്കോ മാഡ്രിഡിന് ബയേൺ മ്യൂണിക്കിനെ എതിരാളികളായി ലഭിച്ചതിലും പിഴവുണ്ടായിരുന്നു. അതേ തുടർന്ന് ആദ്യ നറുക്കെടുപ്പ് റദ്ദാക്കിയാണ് വീണ്ടും പ്രീക്വാർട്ടർ ലൈനപ്പിനെ തെരഞ്ഞെടുത്തത്.