ആംസ്‌റ്റർഡാം: പെപ് ഗാർഡിയോളയുടെ കുട്ടികൾക്ക് ചാമ്പ്യൻസ് ലീഗില്‍ വിജയത്തുടക്കം. ഗ്രൂപ്പ് സിയില്‍ പോർട്ടോയെ മാഞ്ചസ്റ്റർ സിറ്റി ഒന്നിന് എതിരെ മൂന്ന് ഗോളുകൾക്കാണ് തോല്‍പ്പിച്ചത്. കളി തുടങ്ങി 14ാം മിനിട്ടില്‍ തന്നെ പോർട്ടോ സിറ്റിയെ ഞെട്ടിച്ചു. ലൂയിസ് ഡയസിന്‍റെ ഗോളില്‍ പോർട്ടോ മുന്നിലെത്തി. എന്നാല്‍ പോർട്ടോയുടെ ആഘോഷം അധിക സമയം നീണ്ടു നിന്നില്ല. പോർട്ടോ നായകൻ പെപെ സിറ്റി നായകൻ റഹിം സ്റ്റെർലിങിനെ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി 20-ാം മിനിട്ടില്‍ സെർജിയോ അഗ്യൂറോ ഗോളാക്കിയതോടെ കളി മാറി. രണ്ടാം പകുതിയുടെ 65-ാം മിനിട്ടില്‍ ഗുൻഡോഗനും 73-ാം മിനിട്ടില്‍ ഫെറാൻ ടോറസും ഗോൾ നേടിയതോടെ സിറ്റി ഒന്നിന് എതിരെ മൂന്ന് ഗോളുകൾക്ക് വിജയം ഉറപ്പിച്ചു.
നാലടിച്ച് ബയേൺ: ചാമ്പ്യൻസ് ലീഗില്‍ ലിവർപൂളിനും സിറ്റിക്കും ജയം - ചാമ്പ്യൻസ് ലീഗില്‍ ലിവർപൂളിനും സിറ്റിക്കും ജയം
ഗ്രൂപ്പ് എയില്‍ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിച്ച് തകർപ്പൻ ജയവുമായി കളി തുടങ്ങി
അതേസമയം ഗ്രൂപ്പ് എയില്‍ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിച്ച് തകർപ്പൻ ജയവുമായി കളി തുടങ്ങി. സ്‌പാനിഷ് വമ്പൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളിനാണ് ബയേൺ തകർത്തത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ വിജയ ഗോൾ നേടിയ കിംഗ്‌സ്‌ലി കോമാൻ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തില്‍ 41-ാം മിനിട്ടില്‍ ഗോറെട്‌സ്‌ക, 66-ാം മിനിട്ടില്‍ ടോലിസോ എന്നിവരാണ് ബയേണിന്‍റെ മറ്റ് സ്കോറർമാർ.
വമ്പൻമാർ ജയിച്ചു കയറിയ ദിവസത്തില്‍ മുൻ ചാമ്പ്യൻമാരായ ലിവർപൂളിനും ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് മത്സരത്തില്‍ വിജയത്തുടക്കം. ഗ്രൂപ്പ് ഡിയില്‍ ഭാഗ്യം കൊണ്ടാണ് ഡച്ച് ക്ലബായ അയാക്‌സിന് എതിരെ ജയിച്ചു കയറിയത്. അയാക്‌സ് താരം നിക്കോളാസ് ടാജ്‌ലിയഫികോയുടെ സെല്‍ഫ് ഗോളാണ് ലിവർപൂളിന് വിജയമൊരുക്കിയത്.