കേരളം

kerala

ETV Bharat / sports

ബാഴ്സയ്ക്ക് സമനില; ലിവർപൂളിനും ചെല്‍സിക്കും ഞെട്ടിക്കുന്ന തോല്‍വി

നിലവിലെ ജേതാക്കളായ ലിവർപൂളിനും സ്വന്തം തട്ടകത്തില്‍ ഇംഗ്ലീഷ് വമ്പൻമാരായ ചെല്‍സിക്കും തോല്‍വി. മുൻ ചാമ്പ്യൻമാരും സ്പാനിഷ് വമ്പൻമാരുമായ ബാഴ്സ സമനിലയില്‍ കുരുങ്ങി.

ബാഴ്സയ്ക്ക് സമനില; ലിവർപൂളിനും ചെല്‍സിക്കും ഞെട്ടിക്കുന്ന തോല്‍വി

By

Published : Sep 18, 2019, 8:32 AM IST

നാപ്പിൾസ്; വമ്പൻമാരെ നാണം കെടുത്തി യുവേഫ ചാമ്പ്യൻലീഗ് മത്സരങ്ങൾക്ക് തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സത്തില്‍ നിലവിലെ ജേതാക്കളായ ലിവർപൂളിനും സ്വന്തം തട്ടകത്തില്‍ ഇംഗ്ലീഷ് വമ്പൻമാരായ ചെല്‍സിക്കും തോല്‍വി. മുൻ ചാമ്പ്യൻമാരും സ്പാനിഷ് വമ്പൻമാരുമായ ബാഴ്സ സമനിലയില്‍ കുരുങ്ങിയപ്പോൾ ആദ്യ റൗണ്ട് മത്സരങ്ങൾ മുൻനിര ടീമുകൾക്ക് വേദനയായി.

ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ ഇറ്റാലിയൻ ക്ലബ് നാപ്പോളിയാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലിവർപൂളിന്‍റെ ഹൃദയം തകർത്തത്. ആദ്യ പകുതി ഗോൾ രഹിതമായപ്പോൾ രണ്ടാം പകുതിയിലെ അവസാന 12 മിനിട്ടിലാണ് നാപ്പോളി ഗോളുകൾ നേടിയത്. ആദ്യ ഗോൾ പെനാല്‍റ്റിയിലൂടെ ഡ്രൈസ് മാർട്ടിനസും രണ്ടാംഗോൾ പ്രതിരോധ പിഴവില്‍ നിന്ന് ലോറെന്‍റെയും നേടി.

മുൻ സൂപ്പർ താരം ഫ്രങ്ക് ലമ്പാർഡിന്‍റെ കീഴില്‍ ആദ്യ യുവേഫ മത്സരത്തിനിറങ്ങിയ ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പാനിഷ് ക്ലബ് വലൻസിയ പരാജയപ്പെടുത്തിയത്. 74-ാം മിനിട്ടില്‍ റോഡ്രിഗോ നേടിയ ഗോളിന് വലൻസിയ മുന്നിലെത്തി. 87-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി ചെല്‍സി താരം ബാർക്ലിയ പാഴാക്കിയതോടെ മുൻചാമ്പ്യൻമാർ തോല്‍വി സമ്മതിച്ചു.

ഗ്രൂപ്പ് എഫില്‍ സൂപ്പർ താരങ്ങളുമായി ഇറങ്ങിയ ബാഴ്സലോണയെ ജർമ്മൻ ടീമായ ഡോട്‌മുണ്ട് ഗോൾ രഹിത സമനിലയില്‍ തളയ്ക്കുകയായിരുന്നു. ആദ്യ ഇലവനില്‍ ഇറങ്ങാതിരുന്ന ലയണല്‍ മെസി രണ്ടാം പകുതിയില്‍ ഇറങ്ങിയെങ്കിലും ഗോൾ മാത്രം നേടാനായില്ല. സുവാരസ്, ഗ്രീസ്‌മാൻ, അൻസു ഫാതി എന്നിവരെല്ലാം അടങ്ങിയ ബാഴ്സയ്ക്ക് സമനിലയോടെ മടങ്ങാനായിരുന്നു വിധി.

ABOUT THE AUTHOR

...view details