കേരളം

kerala

ETV Bharat / sports

ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയും ലിവർപൂളും ക്വാർട്ടറിൽ - ബയേണ്‍ മ്യൂണിക്ക്

ബാഴ്സലോണ ഫ്രഞ്ച് ക്ലബ്ബ് ലിയോണിനെ 5-1ന് തോൽപ്പിച്ചാണ് ക്വാർട്ടറിൽ കടന്നത്. ലിവർപൂൾ ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ അവരുടെ തട്ടകത്തിൽ 3-1 ന് തോൽപ്പിച്ച് ക്വാർട്ടറിൽ കടക്കുകയായിരുന്നു.

ബാഴ്സലോണ

By

Published : Mar 14, 2019, 12:54 PM IST

യൂവേഫ ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ടീം ലിയോണിനെ തോൽപ്പിച്ച് ബാഴ്സലോണ ക്വാട്ടറിൽ. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുമായി സൂപ്പർതാരം ലയണല്‍ മെസി കളം നിറഞ്ഞപ്പോൾ 5-1 ന്‍റെ തകർപ്പൻ ജയമാണ് ബാഴ്സക്ക് ലഭിച്ചത്. ആദ്യപാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനിലയായിരുന്നു ഫലം.

ക്യാമ്പ് നൗവിൽ രണ്ടും കല്‍പ്പിച്ചാണ് ബാഴ്സ കളിക്കാനിറങ്ങിയത്. 17-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച്‌ മെസി ബാഴ്സയെ മുന്നിലെത്തിച്ചു. 31-ാം മിനിറ്റില്‍ കുട്ടീഞ്ഞോ നേടിയ ഗോളില്‍ ബാഴ്സ ലീഡുയര്‍ത്തി‌. ആദ്യപകുതിയിൽ തന്നെ ക്വാട്ടർ പ്രവേശനം ഉറപ്പിച്ച് രണ്ടാം പകുതിക്ക് ഇറങ്ങിയ ബാഴ്സയെ ഞെട്ടിച്ച് അറ്റാക്കിങ് ഫുട്ബോളുമായി ലിയോൺ കളം നിറഞ്ഞു. അതിന്‍റെ ഫലമായി 58-ാം മിനിറ്റിൽ ലുക്കാസ് ടുസാര്‍ട്ട് ഒരു ഗോൾ മടക്കി. എന്നാൽ പിന്നീട് അവർക്ക് ബാർസയെ പരീക്ഷിക്കാൻ സാധിച്ചില്ല. 78-ാം മിനിറ്റില്‍ മെസിയുടെ രണ്ടാം ഗോള്‍ ബാഴ്സക്ക് 3-1 ന്‍റെമുന്‍തൂക്കം നല്‍കി. 81-ാം മിനിറ്റില്‍ പിക്വെ, 86-ാംമിനിറ്റില്‍ ഡെംബലെ എന്നിവര്‍ നേടിയ ഗോളുകളില്‍ ബാഴ്സ തകർപ്പൻ ജയം ഉറപ്പാക്കുകയും ചെയ്തു.

വിര്‍ജില്‍ വാന്‍ ഡൈക്

ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ നടന്ന മറ്റൊരു പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്കിനെ 3-1 ന് തകര്‍ത്ത് ലിവര്‍പൂളും ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. നേരത്തെ ലിവര്‍പൂളിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചിരുന്നു. ആദ്യപാദത്തിലെ ഗോള്‍രഹിത സമനിലയുടെ ആവേശത്തിലിറങ്ങിയ ബയേണിന് ലിവര്‍പൂളിന്‍റെ ഗോളാക്രമണങ്ങളെ ചെറുക്കാന്‍ കഴിഞ്ഞില്ല.

26-ാം മിനിറ്റില്‍ സാഡിയോ മാനെയിലൂടെ ലിവര്‍പൂൾ മുന്നിലെത്തി. എന്നാല്‍ 39-ാം മിനിറ്റില്‍ ജോയെല്‍ മാറ്റിപ്പിന്‍റെ സെല്‍ഫ് ഗോളില്‍ ബയേണ്‍ ഒപ്പമെത്തി. എന്നാൽ വിര്‍ജില്‍ വാന്‍ ഡൈക് 69-ാം മിനിറ്റില്‍ ലിവര്‍പൂളിനായി ലീഡ് നേടി. 84-ാം മിനിറ്റില്‍ മാനെ രണ്ടാം ഗോളും നേടിയതോടെ ബയേണിന്‍റെ ക്വാർട്ടർ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. ജയത്തോടെ ക്വാർട്ടറിലെത്തുന്ന നാലാമത്തെ ഇംഗ്ലീഷ് ടീമാണ്ലിവർപൂൾ. 2008-09 സീസണിനു ശേഷം ആദ്യമായാണ് നാല് ഇംഗ്ലീഷ് ടീമുകൾ ചാമ്പ്യൻസ് ലീഗിന്‍റെ ക്വാർട്ടറിലെത്തുന്നത്.

നാളെയാണ് ക്വാർട്ടർ ഫൈനലിനുള്ള ഡ്രോ നടക്കുന്നത്. ബാഴ്സലോണ, യുവെന്‍റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ടോട്ടനം ഹോട്സ്പർ, പോർട്ടോ എഫ്.സി, അയാക്സ് എന്നിവരാണ് ക്വാർട്ടർ യോഗ്യത നേടിയ ടീമുകൾ.

ABOUT THE AUTHOR

...view details