മാന്‍ഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ബെൽജിയം ക്ലബ് ബ്രൂഗിനെതിരെ തകര്‍പ്പന്‍ ജയം പിടിച്ച് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സിറ്റി ബ്രൂഗിനെ തകര്‍ത്ത് വിട്ടത്. സിറ്റിക്കായി റിയാദ് മെഹ്‌റെസ് ഇരട്ട ഗോളുകളുകള്‍ കണ്ടെത്തിയപ്പോള്‍ ജാവോ കാൻസലോ, കൈൽ വാക്കർ, കോൾ പാൽമർ എന്നിവരും ലക്ഷ്യം കണ്ടു.
ഹാൻസ് വാൻഡനാണ് ക്ലബ്ബ് ബ്രഗിന്‍റെ ആശ്വാസ ഗോൾ നേടിയത്. വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ സിറ്റിക്കായി. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവും ഒരു തോല്‍വിയുമടക്കം ആറ് പോയിന്‍റാണ് പ്രീമിയര്‍ ലീഗ് ജേതാക്കള്‍ക്കുള്ളത്.
ഒരു വിജയവും ഓരോ സമനിലയും തോല്‍വിയും വഴങ്ങിയ ബ്രൂഗ് മൂന്നാം സ്ഥാനത്താണ്. രണ്ട് വിജയങ്ങളുള്ള പിഎസ്‌ജിയാണ് ഒന്നാം സ്ഥാനത്ത്.
എതിരില്ലാതെ റയല്‍ മാഡ്രിഡ്
ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ഷാക്തര്‍ ഡോണെറ്റ്‌സ്‌കിനെ തകര്‍ത്തുവിട്ടു. എതിരില്ലാത്ത അഞ്ചുഗോളുകൾക്കാണ് റയല്‍ ഷാക്തറിനെ മുക്കിയത്. യുവതാരം വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോളുകള്‍ നേടി കളം നിറഞ്ഞ മത്സരത്തില്‍ കരിം ബെന്‍സേമ, റോഡ്രിഗോ എന്നിവരും റയലിനായി ലക്ഷ്യം കണ്ടു.
37ാം മിനിട്ടില്‍ സെര്‍ഹി ക്രിവ്‌സ്‌റ്റോവിന്‍റെ സെല്‍ഫ് ഗോളിലൂടെയാണ് റയല്‍ മുന്നിലെത്തിയത്. തുടര്‍ന്ന് 51, 56 മിനിട്ടുകളില്‍ വിനീഷ്യസും 64ാം മിനിട്ടില്‍ റോഡ്രിഗോയും ലക്ഷ്യം കണ്ടു. 91ാം മിനിട്ടിലാണ് ബെന്‍സേമ റയലിന്‍റെ ഗോള്‍ പട്ടിക തികച്ചത്.
also read: ചാമ്പ്യൻസ് ലീഗ്: ആവേശപ്പോരിൽ അത്‌ലറ്റികോയെ വീഴ്ത്തി ലിവർപൂൾ
വിജയത്തോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ റയലിനായി. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവും ഒരു തോല്‍വിയുമടക്കം ആറ് പോയിന്‍റാണ് റയലിനുള്ളത്. മൂന്ന് മത്സരങ്ങളില്‍ നിന്നും ആറുപോയിന്‍റുള്ള ഷെറീഫാണ് ഒന്നാം സ്ഥാനത്ത്.