യൂവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്‍റെ രണ്ടാംപാദത്തിൽ ലിവർപൂൾ ബാഴ്സലോണയെ നേരിടും. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയിച്ചതിന്‍റെ മേൽകൈയുമായാണ് ബാഴ്സ ഇന്ന് ലിവർപൂളിനെ നേരിടാൻ ഒരുങ്ങുന്നത്. പരിക്കേറ്റ സൂപ്പര്‍ താരം മുഹമ്മദ് സലായുടെയും റോബര്‍ട്ടോ ഫിര്‍മിനോയുടെയും അഭാവം ലിവര്‍പൂളിന് തിരിച്ചടിയായേക്കും.
സാലയും ഫിർമിനോയുമില്ലാതെ ലിവർപൂൾ ബാഴ്സക്കെതിരെ - ലിവർപൂൾ
ആദ്യപാദത്തിൽ ലിവർപൂളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ബാഴ്സ ഇറങ്ങുന്നത്.
സ്വന്തം തട്ടകമായ ആൻഫീൽഡിൽ ഏത് ടീമിനെയും തോൽപ്പിക്കാമെന്ന ആത്മവിശ്വാസവും ചരിത്രവുമുള്ള ടീമാണ് ലിവർപൂൾ. ആദ്യപാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റതിനാൽ ഇന്ന് 4-0 ന് ജയിച്ചാൽ മാത്രമേ ലിവർപൂളിന് ഫൈനൽ യോഗ്യത ലഭിക്കൂ. മുഹമ്മദ് സാല പരിക്കേറ്റ് പുറത്തായ സാഹചര്യത്തിൽ സാഡിയോ മാനെയിലാണ് ടീമിന്‍റെ പ്രതീക്ഷ. സാലക്ക് പകരം ഷെര്‍ദാന്‍ ഷാക്കീരിയും ഫിർമിനോക്ക് പകരം ജോര്‍ജിനോ വിനാള്‍ഡവും ടീമിലെത്തും.
എതിർവശത്ത് ഉസ്മാനെ ഡെംബലെ പരിക്കിന്‍റെ പിടിയിലാണ്. എന്നാൽ താരത്തിന് പകരം കളത്തിലിറക്കാൻ ലോകോത്തര താരങ്ങൾ ടീമിലുള്ളതിനാൽ ബാഴ്സക്ക് സമ്മർദ്ദമില്ല. ലയണൽ മെസി, ലൂയിസ് സുവാരസ്, ഫിലിപ്പെ കുട്ടീഞ്ഞോ എന്നിവരെല്ലാം ഫോമിലാണെന്നത് കാറ്റലൻ ക്ലബ്ബിന്‍റെ കരുത്താണ്. മത്സരം പുലർച്ചെ 12.30 ന് ലിവർപൂളിന്‍റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ.