ഒരിടവേളക്ക് ശേഷം വീണ്ടും ചാമ്പ്യന്‍സ് ലീഗ് പോരാട്ട വേദികള്‍ സജീവമാകുന്നു. യൂറോപ്പിലെ രാജാക്കന്‍മാരെ അറിയാനുള്ള അങ്കത്തിനൊരുങ്ങുന്ന അവസാന എട്ടു ടീമുകളെ കണ്ടെത്താന്‍ ഇരു പാദങ്ങളിലായി നടക്കുന്ന 16-ാം റൗണ്ടിലെ ആവേശപ്പോരാണ് വരാനിരിക്കുന്നത്.
ബുധനാഴ്‌ച പുലര്‍ച്ചെ ആരംഭിക്കുന്ന ആദ്യപാദ മത്സരത്തില്‍ പ്രീമിയര്‍ ലീഗില്‍ വെന്നിക്കൊടി പാറിച്ച ലിവര്‍പൂളും ജര്‍മന്‍ കരുത്തരായ ആര്‍ബി ലെപ്‌സിഗും നേര്‍ക്കുനേര്‍ വരും. പുഷ്‌കാസ് അരീനയില്‍ പുലര്‍ച്ചെ 1.30നാണ് പോരാട്ടം. അതേസമയം ബാഴ്‌സലോണ ഹോം ഗ്രൗണ്ടായ നൗകാമ്പില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജിയെ നേരിടും. തുടര്‍ന്നുള്ള മത്സരങ്ങള്‍ ഈ മാസം 18, 24, 25 തീയതികളിലാണ് നടക്കുക.
ചെമ്പടയും ലെപ്‌സിഗും നേര്‍ക്കുനേര്‍
പരിക്കിന്‍റെ പിടിയിലമര്‍ന്ന ചെമ്പട പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ജര്‍മന്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പിന്‍റെ നേതൃത്വത്തിലുള്ള ലിവര്‍പൂളിനെ ലെപ്‌സിഗ് മലര്‍ത്തിയടിക്കുമോ എന്ന ആശങ്കയാണ് മത്സരത്തിന് മുന്നോടിയായി ആന്‍ഫീല്‍ഡില്‍ നിന്നും ഉയരുന്നത്.
കഴിഞ്ഞ സീസണെ അപേക്ഷിച്ച് മങ്ങിയ പ്രകടനം കാഴ്‌ചവെക്കുന്ന ലിവര്‍പൂള്‍ തുടര്‍ച്ചയായി മൂന്ന് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളില്‍ പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് ലെപ്‌സിഗിനെ നേരിടാന്‍ എത്തുന്നത്. പ്രതിരോധത്തിലെ പാളിച്ചകളും മുന്നേറ്റത്തിലെ ആത്മവിശ്വാസക്കുറവും എങ്ങനെ പരിഹരിക്കുമെന്നറായതെയാണ് പരിശീലകന്‍ ക്ലോപ്പും നായകന്‍ ഹെന്‍ഡേഴ്‌സണും മുന്നോട്ട് പോകുന്നത്. വീണ്ടുമൊരു ചാമ്പ്യന്‍സ് ലീഗ് കിരീടം ആഗ്രഹിക്കുന്ന ക്ലോപ്പിന് നിലവിലെ സാഹചര്യത്തില്‍ ലെപ്‌സിഗ് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
മറുഭാഗത്ത് ബുണ്ടസ് ലീഗയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനോട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന ലെപ്‌സിഗ് ആത്മവിശ്വാസത്തോടെയാണ് ലിവര്‍പൂളിനെ നേരിടാന്‍ എത്തുക. കൊവിഡിനെ തുടര്‍ന്ന് ജര്‍മനിയില്‍ നിലനില്‍ക്കുന്ന യാത്രാ വിലക്കിന്‍റെ പശ്ചാത്തലത്തില്‍ ഹോം ഗ്രൗണ്ട് മത്സരം ഹംഗറിയിലെ പുഷ്‌കാസ് അരീനയിലേക്ക് മാറ്റിയത് ലെപ്‌സിഗിന് ക്ഷീണമാണെങ്കിലും ആദ്യപാദ മത്സരത്തില്‍ ജയിച്ച് ആരാധകരുടെ സന്തോഷിപ്പിക്കാമെന്ന വിശ്വാസത്തിലാണ് ജൂലിയന്‍ നെഗ്ലസ്‌മാന്‍റെ ശിഷ്യന്‍മാര്‍. തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ പരാജയം അറിയാതെ മുന്നോട്ട് പോകുന്ന ലെപ്‌സിഗിന് ചെമ്പടക്കെതിരെ ഏത് വിധത്തിലുള്ള തന്ത്രങ്ങളാണ് പുറത്തെടുക്കുകയെന്നാണ് ഇനി അറിയാനുള്ളത്.
ലിവര്‍പൂളിനെതിരായ മത്സരത്തിന് മുന്നോടിയായി ലെപ്‌സിഗിന്‍റെ പ്രധാന താരങ്ങള്‍ക്ക് പരിശീലകന്‍ നെഗ്ലസ്‌മാന്‍ നേരത്തെ വിശ്രം അനുവദിച്ചിരുന്നു. എമില്‍ ഫോര്‍സ്‌ബര്‍ഗ് പരിക്ക് കാരണം പുറത്തിരിക്കുന്നത് മാത്രമാണ് ജര്‍മന്‍ കരുത്തര്‍ക്ക് ആശങ്കയുണ്ടാക്കുന്നത്. ലാമിയറും ബെഞ്ചമിന്‍ ഹെന്‍ഡ്രിച്ചും ബുധനാഴ്‌ച ലെപ്‌സിഗിനായി ബൂട്ടുകെട്ടിയേക്കില്ല. ചാമ്പ്യന്‍സ് ലീഗിന്‍റ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയുള്ള ലെപ്‌സിഗിന്‍റെ മുന്നേറ്റം ലിവര്‍പൂള്‍ തടയുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. കഴിഞ്ഞ തവണ സെമി ഫൈനലില്‍ പിഎസ്‌ജിക്ക് മുന്നില്‍ അടിയറവ് പറഞ്ഞ ലെപ്‌സിഗ് ഇത്തവണ എത്രത്തോളം മുന്നറുമെന്നുള്ള ആകാംക്ഷയും ബാക്കിയാണ്.
പിഎസ്‌ജി നൗകാമ്പിലേക്ക്
ലീഗില്‍ ബുധനാഴ് നടക്കാനിരിക്കുന്ന മറ്റൊരു സൂപ്പര്‍ പോരാട്ടമാണ് ലോകം കാത്തരിക്കുന്നത്. നൗകാമ്പിലെ പോരാട്ടത്തില്‍ ജയിക്കുക സ്‌പാനിഷ് കരുത്തരായ ബാഴ്‌സലോണയോ, ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജിയോ എന്നാണ് അറിയാനുള്ളത്. പിഎസ്‌ജി നൗകാമ്പില്‍ എത്തുമ്പോള്‍ ബ്രസീലിയന്‍ സൂപ്പര്‍ ഫോര്‍വേഡ് നെയ്‌മറുടെ അഭാവമാണ് ഇരു ടീമിന്‍റെയും ആരാധകരെ നിരാശയിലാക്കുന്നത്. നെയ്‌മറെയും ലയണല്‍ മെസിയെയും കളിക്കളത്തില്‍ ഒരുമിച്ച് കാണാനുള്ള അവസരത്തിനായി ഇനി ദീര്‍ഘകാലം കാത്തിരിക്കേണ്ടിവരും. നെയ്‌മറുടെ പരിക്ക് സാരമുള്ളതാണെന്നും അദ്ദേഹം ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചെന്നും ഇതിനകം പിഎസ്‌ജി വ്യക്തമാക്കി കഴിഞ്ഞു.
നെയ്‌മറുടെ അഭാവത്തില്‍ പിഎസ്‌ജിക്ക് സ്‌പാനിഷ് ലാലിഗയില്‍ അപരാജിത കുതിപ്പ് തുടരുന്ന ബാഴ്‌സലോണ വലിയ വെല്ലുവിളി ഉയര്‍ത്തും. 12 മത്സരങ്ങളിലായി പരാജയം അറിയാതെ മുന്നേറുകയാണ് റൊണാള്‍ഡ് കോമാന്‍റെ ശിഷ്യന്‍മാര്‍. കഴിഞ്ഞ മത്സരത്തില്‍ ആല്‍വേസിന്‍റെ വല നിറച്ച ബാഴ്‌സലോണ ഇതിനകം പിഎസ്‌ജിക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. സൂപ്പര്‍ താരം ലയണല്‍ മെസിയും പോര്‍ച്ചുഗീസ് കൗമാര താരം ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോയും ഇരട്ട ഗോളടിച്ച നൗ കാമ്പ് പോരാട്ടത്തില്‍ ബാഴ്‌സലോണ അക്ഷരാര്‍ത്ഥത്തില്‍ കളം നിറഞ്ഞാടുകയായിരുന്നു. പരിശീലകനെന്ന നിലയില്‍ നൗകാമ്പിലെത്തിയ കോമാന്‍ ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് പട്ടം ബാഴ്‌സലോണയുടെ ഷെല്‍ഫിലെത്തിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ സര്‍വായുധങ്ങളും പുറത്തെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
മറുഭാഗത്ത് കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്‌ടമായ പ്രഥമ ചാമ്പ്യന്‍സ് ലീഗ് കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പിഎസ്‌ജി യൂറോപ്യന്‍ പോരാട്ടങ്ങള്‍ തുടരുന്നത്. ബയേണ്‍ മ്യൂണിക്കിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിന് നഷ്‌ടമായ കിരീടം തിരിച്ച് പിടിക്കാന്‍ ഇത്തവണ പൊച്ചെറ്റീനോയെന്ന അര്‍ജന്‍റീനന്‍ പരിശീലകനെയാണ് പിഎസ്‌ജി ആശ്രയിക്കുന്നത്. തോമസ് ട്യുഷലിനെ മാറ്റി പുതിയ പരിശീലകനെ നിയമിച്ചതും ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ്. മുന്‍ പിഎസ്‌ജി താരം കൂടിയായ പൊച്ചെറ്റീനോക്കും ക്ലബിന്‍റെ ഷെല്‍ഫില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടമെത്തിക്കുകയെന്നത് എറെക്കാലത്തെ ആഗ്രഹമാണ്. മത്സരത്തിനായി ടീം തയ്യാറായി കഴിഞ്ഞതായി പൊച്ചറ്റീനോ ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.
പൊച്ചറ്റീനോക്ക് കീഴില്‍ ലീഗ് വണ്ണില്‍ കളിച്ച എട്ടില്‍ ഏഴ് മത്സരവും പിഎസ്‌ജി വിജയിച്ചു. ലീഗ് വണ്ണില്‍ ഹാട്രിക് ജയം സ്വന്തമാക്കി മുന്നേറുന്ന പിഎസ്‌ജിക്ക് നെയ്‌മറുടെയും എയ്‌ഞ്ചല്‍ ഡിമറിയയുടെയും അഭാവമാണ് തിരിച്ചടിയാകുന്നത്. അതേസമയം ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും ഇക്കാര്‍ഡിയും ബാഴ്‌സലോണക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പരിക്ക് ഭേദമായി പിഎസ്‌ജിയുടെ വല കാക്കുന്ന കെയ്‌ലര്‍ നവാസ് കൂടി തിരിച്ചെത്തുമെന്നാണ് സൂചന. ലോകോത്തര നിലവാരം പുലര്‍ത്തുന്ന കെയ്‌ലര്‍ നവാസിന്‍റെ സാന്നിധ്യം ടീമില്‍ വലിയ ഉണര്‍വാകും ഉണ്ടാക്കുക. പരിക്ക് കാണം കഴിഞ്ഞ ജനുവരി 22 മുതല്‍ നവാസ് കളിക്കളത്തിന് പുറത്താണ്.
ലീഗില്‍ 18നാണ് അടുത്ത ആദ്യപാദ ഇരട്ട പോരാട്ടങ്ങള്‍. സെവിയ്യ, ഡോര്‍ട്ട്മുണ്ടിനെ നേരിടുമ്പോള്‍ പോര്‍ട്ടോ ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസിനെ നേരിടും.