കേരളം

kerala

ETV Bharat / sports

യൂറോപ്പില്‍ ഇനി ഇംഗ്ലീഷ് പോര്; ചെല്‍സി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ - champions league final news

ഹോം ഗ്രൗണ്ട് മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്‌പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയാണ് ചെല്‍സി യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍റെ കലാശപ്പോരിന് യോഗ്യത നേടിയത്

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ചെല്‍സി ഫൈനലില്‍ വാര്‍ത്ത champions league final news chelsea in final news
ട്യുഷല്‍

By

Published : May 6, 2021, 7:50 AM IST

ലണ്ടന്‍: സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ റയല്‍ മാഡ്രിഡിനെ മുട്ടുകുത്തിച്ച് ചെല്‍സി. ഹോം ഗ്രൗണ്ടിലെ എതിരില്ലാത്ത രണ്ട് ഗോളിന്‍റെ ജയത്തോടെ നീലപ്പട ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരിന് യോഗ്യത നേടി. ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോമസ് ട്യുഷലിന്‍റെ ശിഷ്യന്‍മാര്‍ ജയിച്ച് കയറിയത്. നേരത്തെ റയലിന്‍റെ തട്ടകത്തില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞിരുന്നു. ഈ മാസം 29ന് ഇസ്‌താംബുള്ളില്‍ നടക്കാനിരിക്കുന്ന കലാശപ്പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ചെല്‍സിയുടെ എതിരാളികള്‍.

ഇന്ന് പുലര്‍ച്ചെ നടന്ന സെമി പോരാട്ടത്തിന്‍റെ ആദ്യപകുതിയില്‍ ജര്‍മന്‍ ഫോര്‍വേഡ് ടിമോ വെര്‍ണറാണ് നീലപ്പടക്കായി ആദ്യം വല ചലിപ്പിച്ചത്. ഗോള്‍ ബാറില്‍ തട്ടി റിട്ടേണടിച്ച പന്ത് ഹെഡറിലൂടെയാണ് വെര്‍ണര്‍ വലയിലെത്തിച്ചത്. ചെല്‍സിക്കായി ഹാഫ്‌ വോളിയിലൂടെ ഗോള്‍ കണ്ടെത്താന്‍ ഹാവര്‍ട്ട് നടത്തിയ ശ്രമമാണ് ഗോള്‍ ബാറില്‍ തട്ടി തെറിച്ചത്.

നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ അഞ്ച് മിനിട്ട് മാത്രം ശേഷിക്കെ ഇംഗ്ലീഷ് മിഡ്‌ഫീല്‍ഡര്‍ മേസണ്‍ മൗണ്ടും പന്ത് വലയിലെത്തിച്ചു. അമേരിക്കന്‍ ഡിഫന്‍ഡര്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചിന്‍റെ അസിസ്റ്റിലൂടെയായിരുന്നു ഗോള്‍. വലത് വിങ്ങിലൂടെ പുലിസിച്ച് നല്‍കിയ പാസാണ് മേസണ്‍ മൗണ്ട് വലയിലെത്തിച്ചത്.

കരിം ബെന്‍സേമയുടെ ഉള്‍പ്പെടെ ഷോട്ടുകള്‍ തടുത്തിട്ട് വലകാത്ത സെനഗല്‍ ഗോളി മെന്‍ഡിയുടെ കരുത്തിലാണ് ചെല്‍സിയുടെ കുതിപ്പ്. സിനദന്‍ സിദാന്‍റെ ശിഷ്യന്‍മാര്‍ അഞ്ച് തവണയാണ് ഗോള്‍മുഖത്തേക്ക് ഷോട്ടുതിര്‍ത്തത്. എന്നാല്‍ ഒരു തവണ പോലും പന്ത് മെന്‍ഡിയെ മറികടന്നില്ല. ചെല്‍സി 15ഉം റയല്‍ ഏഴും ഷോട്ടുകള്‍ ഉതിര്‍ത്ത മത്സരത്തില്‍ പന്തടക്കത്തില്‍ മുന്നില്‍ റയല്‍ മാഡ്രിഡായിരുന്നു. പരിക്ക് ഭേദമായി നായകന്‍ സെര്‍ജിയോ റാമോസ് ഉള്‍പ്പെടെ തിരിച്ചെത്തിയിട്ടും റയലിന് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാന്‍ സാധിച്ചിട്ടില്ല.

മറുഭാഗത്ത് പുതിയ പരിശീലകന്‍ തോമസ് ട്യൂഷലിന് കീഴില്‍ ചെല്‍സി താളം കണ്ടെത്തി കഴിഞ്ഞു. കഴിഞ്ഞ തവണ പിഎസ്‌ജിയെ ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനല്‍ വരെ എത്തിച്ച ട്യുഷല്‍ ഇത്തവണ ചെല്‍സിയിലൂടെ കപ്പുയര്‍ത്താമെന്ന പ്രതീക്ഷയിലാണ്. നേരത്തെ പിഎസ്‌ജി പുറത്താക്കിയതിനെ തുടര്‍ന്നാണ് ചെല്‍സിയെ കളി പഠിപ്പിക്കാന്‍ ട്യുഷലിന് അവസരം ലഭിച്ചത്.

ABOUT THE AUTHOR

...view details