പോര്‍ട്ടോ :ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരില്‍ ജയഭേരി മുഴക്കി തോമസ് ട്യൂഷലും ശിഷ്യരും. പോര്‍ട്ടോയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തളച്ച സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ കരുത്തര്‍ കപ്പുയര്‍ത്തി. കന്നി കിരീടം ലക്ഷ്യമിട്ടെത്തിയ സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ആദ്യപകുതിയില്‍ ജര്‍മന്‍ ഫോര്‍വേഡ് കായ് ഹാവെര്ട്ടാണ് വിജയ ഗോള്‍ സ്വന്തമാക്കിയത്. ആദ്യപകുതി അവസാനിക്കാന്‍ മൂന്ന് മിനിട്ട് ശേഷിക്കെ മേസണ്‍ മൗണ്ടിന്റെ ത്രൂപാസില്‍ നിന്നായിരുന്നു ഗോള്‍. സിറ്റിയുടെ പ്രതിരോധത്തെ കബളിപ്പിച്ച് ഗോള്‍മുഖത്ത് എത്തിയ ഹാവെര്‍ട്ടിനെ തടയാന്‍ ഗോളി എന്‍ഡേഴ്സണും സാധിച്ചില്ല. ചാമ്പ്യന്‍സ് ലീഗില്‍ ഹാവെര്‍ട്ടിന്റെ ആദ്യ ഗോളാണിത്.
നേരത്തെ ആദ്യ പകുതിയില്‍ തിയാഗോ സില്‍വ പരിക്കേറ്റ് പുറത്തായത് ചെല്‍സി ക്യാമ്പില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ബ്രസീലിയന്‍ സെന്റര്‍ ബാക്കിന്റെ അഭാവത്തില്‍ സിറ്റി ഗോളടിക്കുമെന്ന ആശങ്കയ്ക്ക് നടുവിലായിരുന്നു ഹാവര്‍ട്ടിന്റെ ഗോള്‍. തിയാഗോ മടങ്ങി നാല് മിനിട്ടിന് ശേഷമായിരുന്നു വിജയ ഗോള്‍. മൂന്ന് മാറ്റങ്ങളാണ് മത്സരത്തില്‍ ഉടനീളം തോമസ് ട്യൂഷല്‍ നടത്തിയത്.
ചെല്‍സി രണ്ടാമത്തെ തവണയാണ് യൂറോപ്യന്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കുന്നത്. നേരത്തെ 2012ല്‍ കപ്പടിച്ച ചെല്‍സി ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ രണ്ടാം തവണയും മുത്തമിട്ടു. അതിനുമുമ്പ് 2008-ല്‍ ഫൈനല്‍ കളിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മറുഭാഗത്ത് സീസണില്‍ ഹാട്രിക് കിരീട നേട്ടം ലക്ഷ്യമിട്ട് എത്തിയ സിറ്റിക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. പ്രീമിയര്‍ ലീഗും ലീഗ് കപ്പും നേടിയ സിറ്റിക്ക് പക്ഷെ യൂറോപ്യന്‍ ചാമ്പ്യന്‍ പോരാട്ടത്തില്‍ പിഴച്ചു. പോര്‍ട്ടോയില്‍ കപ്പടിച്ചെങ്കില്‍ സിറ്റിക്ക് എല്ലാ കിരീടവും നേടിക്കൊടുത്ത പരിശീലകനെന്ന നേട്ടം സ്പാനിഷ് കോച്ചിനെ തേടിയെത്തുമായിരുന്നു.