വാസ്‌കോ: ബംഗളൂരു എഫ്‌സിക്കെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ എഫ്‌സി ഗോവയെ നേരിടും. ലീഗില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നോട്ട് പോകുന്ന കൊമ്പന്‍മാര്‍ക്ക് ഇന്ന് രാത്രി 7.30ന് ബിംബോളിയിലാണ് മത്സരം.
നിലവില്‍ 19 പോയിന്‍റുമായി റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള എഫ്‌സി ഗോവയെ നേരിടാന്‍ ബ്ലാസ്റ്റേഴ്‌സ് വമ്പന്‍ പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും. കഴിഞ്ഞ നാല് മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറുന്ന എഫ്‌സി ഗോവ കഴിഞ്ഞ മത്സരത്തില്‍ എടികെ മോഹന്‍ബഗാനോട് സമനില വഴങ്ങിയിരുന്നു.
ബംഗളൂരുവിനെതിരായ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ജയം സ്വന്തമാക്കിയത്. അധികസമയത്ത് മലയാളി താരം കെപി രാഹുലാണ് ബ്ലാസ്റ്റേഴ്‌സിനായി വിജയ ഗോള്‍ നേടിയത്. പരിക്ക് കാരണം ബംഗളൂരുവിനെതിരെകളിക്കാതിരുന്ന പ്ലേ മേക്കര്‍ ഫക്കുണ്ടോ പെരേര ഇന്ന് ബ്ലാസ്റ്റേഴ്‌സിനായി പന്ത് തട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പേരേരയും ജെസല്‍ കാര്‍നെറോയും പരിശീലനം പുനരാരംഭിച്ചെങ്കിലും കളിക്കുന്ന കാര്യത്തില്‍ ഇതേവരെ ക്ലബ് അധികൃതരുടെ ഭാഗത്ത് നിന്നും ഉറപ്പ് ലഭിച്ചിട്ടില്ല. പേരേര തിരിച്ചെത്തുകയാണെങ്കില്‍ കഴിഞ്ഞ മത്സരത്തില്‍ പന്ത് തട്ടിയ യുവന്‍ഡ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉണ്ടാവില്ല.