മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ റയല്‍ ബെറ്റിസിനെതിരായ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ച് കരുത്തരായ ബാഴ്‌സലോണ. എവേ മത്സരത്തില്‍ ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബാഴ്‌സലോണയുടെ മുന്നേറ്റം. 59-ാം മിനിട്ടില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയിലൂടെ സമനില പിടിച്ച ബാഴ്‌സലോണ ഫ്രാന്‍സിസ്‌കോ ട്രിന്‍കാവൊയിലൂടെ ലീഡുയര്‍ത്തി.
ലാലിഗയില്‍ ആദ്യ ഗോള്‍ സ്വന്തമാക്കി ട്രിന്‍കാവൊ; ബാഴ്‌സ മുന്നേറ്റം തുടരുന്നു
തുടര്‍ച്ചയായി 11-ാം മത്സരത്തിലും പരാജയം അറിയാതെ മുന്നേറുന്ന ബാഴ്‌സലോണ ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്
ബാഴ്‌സലോണക്ക് വേണ്ടിയുള്ള പോര്‍ച്ചുഗീസ് താരത്തിന്‍റെ ആദ്യ ഗോളാണ് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പിറന്നത്. നൗ കാമ്പിലെത്തി ആറ് മാസത്തിന് ശേഷമാണ് ട്രിന്‍കാവൊയുടെ ആദ്യ ഗോളെന്ന പ്രത്യേകതയുമുണ്ട്. മെസിയും ട്രിന്‍കാവൊയും പകരക്കാരുടെ റോളിലെത്തിയാണ് ബാഴ്‌സക്കായി വല കുലുക്കിയത്. റയല്‍ ബെറ്റിസ് താരം വിക്‌ടര്‍ ഹുയീസിന്‍റെ ഓണ്‍ ഗോളിലൂടെ ബാഴ്‌സ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
ലാലിഗയില്‍ ബാഴ്‌സ തുടര്‍ച്ചയായ 11-ാം മത്സരത്തിലാണ് പരാജയമറിയാതെ മുന്നോട്ട് പോകുന്നത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന ബാഴ്‌സലോണക്ക് 43 പോയിന്‍റാണുള്ളത്. കോപ്പ ഡെല്‍റേയുടെ സെമി ഫൈനല്‍ പോരാട്ടമാണ് ബാഴ്‌സലോണയെ അടുത്തതായി കാത്തിരിക്കുന്നത്. ഈ മാസം 11-ന് നടക്കുന്ന സെമി ഫൈനലില്‍ സെവിയ്യയാണ് ബാഴ്‌സയുടെ എതിരാളികള്‍. ഇരു പാദങ്ങളിലായാണ് സെമി ഫൈനല്‍ നടക്കുക.