ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗല്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്‌റ്റർ സിറ്റിയെ പരാജയപ്പെടുത്തി ടോട്ടനം ഹോട്ട്‌സ്‌പർ. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിറ്റിയെ ടോട്ടനം പരാജയപ്പെടുത്തിയത്. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചപ്പോൾ രണ്ടാം പകുതിയിലാണ് പരിശീലകന്‍ മൗറിന്യോയുടെ കീഴിലുള്ള ടോട്ടനം എതിരാളികളുടെ വല ചലിപ്പിച്ചത്. 63-ാം മിനുട്ടില്‍ മുന്നേറ്റ താരം സ്‌റ്റീവന്‍ ബേർഗ്‌വൈനാണ് ടോട്ടനത്തിനായി ഗോൾ നേടിയത്. 71-ാം മിനുട്ടില്‍ സണ്‍ ഹ്യൂങ് മിനാണ് രണ്ടാമത്തെ ഗോൾ നേടിയത്.
നേരത്തെ ആദ്യപകുതിയില്‍ 40-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി അവസരം കളഞ്ഞ് കുളിച്ചത് സിറ്റിക്ക് തിരിച്ചടിയായി. സിറ്റിയുടെ മധ്യനിര താരം ഗുണ്ടോഗന്‍ എടുത്ത പെനാല്‍ട്ടി കിക്ക് ടോട്ടനത്തിന്‍റെ ഗോളി തടഞ്ഞിട്ടു. സന്ദർശകരുടെ മുന്നേറ്റ താരം അഗ്യൂറോയെ ഫൗൾ ചെയ്‌തതിന് വിളിച്ച പെനാല്‍ട്ടി അപ്പീല്‍ റഫറി അംഗീകരിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ സിറ്റിയുടെ പ്രതിരോധ താരം ഒലെക‌്സാണ്ടർ സിൻചെങ്കോക്ക് റെഡ് കാർഡ് ലഭിച്ച് പുറത്ത് പോകേണ്ടി വന്നതോടെ 10 പേരുമായാണ് സന്ദർശകർ മത്സരം പൂർത്തിയാക്കിയത്.
ജയത്തോടെ പൊയിന്‍റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ടോട്ടനം അഞ്ചാമതായി. 25 മത്സരങ്ങളില്‍ നിന്നും 37 പൊയിന്‍റാണ് ടോട്ടനത്തിനുള്ളത്. 25 മത്സരങ്ങളില്‍ നിന്നും 51 പൊയിന്‍റാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്‌റ്റർ സിറ്റിക്ക്.