യുവേഫ ചാമ്പ്യൻസ് ലീഗിൽ അയാക്സിന്‍റെ കുതിപ്പ് അവസാനിപ്പിച്ച് ടോട്ടനം ഹോട്സപർ ഫൈനലിൽ. ഇരു പാദങ്ങളിലുമായി അയാക്സിനെതിരെ 3-3 ന്‍റെ സമനില പിടിച്ച് എവേ ഗോളിന്‍റെ ബലത്തിലാണ് ടോട്ടനം ഫൈനൽ യോഗ്യത നേടിയത്.
ആദ്യപാദത്തിൽ സ്വന്തം മൈതാനത്ത് വഴങ്ങിയ ഒരു ഗോളിന്‍റെ കടവുമായിറങ്ങിയ ടോട്ടനത്തിന് അഞ്ചാം മിനിറ്റിൽ തന്നെ വീണ്ടും തിരിച്ചടികിട്ടി. അയാക്സ് നായകൻ മത്തായീസ് ഡിലിറ്റ് ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യപകുതിയിൽ അയാക്സിനെതിരെ പിടിച്ചുനിൽക്കാൻ വിയർത്ത ഇംഗ്ലീഷ് ക്ലബ്ബിന്‍റെ വല 35-ാം മിനിറ്റിൽ വീണ്ടും കുലുക്കി അയാക്സ് ലീഡ് മൂന്നാക്കി. അയാക്സ് ഫൈനൽ ഉറപ്പിച്ച് ആദ്യപകുതി അവസാനിപ്പിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ കളിയുടെ മനോഭാവം മാറ്റി ടോട്ടനം നിരന്തരം ആക്രമണം അഴിച്ചുവിട്ടു. അതിന്‍റെ ഫലമായി 55-ാം മിനിറ്റിൽ ലൂക്കാസ് മൗരയിലൂടെ ആദ്യ ഗോൾ നേടി സ്പർസ് കളിയിലേക്ക് തിരിച്ചെത്തി. നാല് മിനിറ്റുകൾക്കകം രണ്ടാം ഗോളും നേടി മൗര ടോട്ടനത്തിനെ ഒപ്പമെത്തിച്ചു. എന്നാൽ അഗ്രഗേറ്റിൽ ആദ്യപാദത്തിലെ സ്കോറിൽ അയാക്സ് 3-2 ന് മുന്നിലായിരുന്നു. രണ്ട്ഗോളുകൾ വഴങ്ങിയപ്പോൾ പ്രതിരോധത്തിലേക്ക് വലിഞ്ഞ് കളിക്കാൻ അയാക്സ് മുതിർന്നു. എന്നാൽ ഒരുഗോൾ ലക്ഷ്യമാക്കി ടോട്ടനം എതിരാളികളുടെ ബോക്സിലേക്ക് നിരന്തരം ആക്രമിച്ചു. ഇതിനിടയിൽ ഹക്കിം സിയെചിന്‍റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയതും അയാക്സിന്‍റെ ഭാഗ്യത്തെ തട്ടിതെറിപ്പിച്ചു. മത്സരം ഇഞ്ച്വറി ടൈമിലേക്ക് കടന്നപ്പോഴും അഗ്രഗേറ്റ് സ്കോറിൽ അയാക്സ് ഫൈനലിൽ എത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ഇഞ്ച്വറി ടൈമിന്‍റെ അവസാന സെക്കന്‍റിൽ ലൂക്കാസ് മൗരയുടെ ഹാട്രിക്ക് ഗോളിൽ സ്വപ്ന തുല്യമായ തിരിച്ചുവരവും ഫൈനൽ ടിക്കറ്റും സ്വന്തമാക്കി ടോട്ടനം ഫൈനലിൽ എത്തി.
പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെയും ക്വാർട്ടറിൽ യുവെന്‍റസിനെയും തകർത്ത് സെമിയിലെത്തിയ അയാക്സിനെ കീഴടക്കിയത് ഫൈനലിൽ ടോട്ടനത്തിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കും. ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബ് തന്നെയായ ലിവർപൂളിനെയാണ് ടോട്ടനം നേരിടുക. 2008 ന് ശേഷം ആദ്യമായാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ രണ്ട് ഇംഗ്ലീഷ് ടീമുകൾ തമ്മിൽ ഏറ്റുമുട്ടന്നത്.