ഏഴാം തവണയും ബാലൺ ദ്യോർ പുരസ്‌കാരം ഏറ്റുവാങ്ങിയ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ലോകമെമ്പാടുമുള്ള ആരാധകരില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്. എന്നാല്‍ താരത്തിന്‍റെ പുരസ്‌കാര നേട്ടം തെറ്റായ തെരഞ്ഞെടുപ്പാണെന്നാണ് ജര്‍മന്‍ മാധ്യമങ്ങള്‍ എഴുതുന്നത്. ചില ഫുട്‌ബോള്‍ താരങ്ങളും മെസിയുടെ പുരസ്‌കാര നേട്ടത്തെ ചോദ്യം ചെയ്‌ത് രംഗത്തെത്തി.
മെസിയേക്കാള്‍ ബാലൺ ദ്യോർ പുരസ്‌കാരത്തിന് യോഗ്യന്‍ പോളണ്ട് നായകന്‍ റോബർട്ട് ലെവാൻഡോസ്‌കിയാണെന്നാണ് ജർമൻ പത്രമായ ബിൽഡ് എഴുതിയത്. മെസിയുടെ പുരസ്‌കാര നേട്ടം അപകീർത്തികരമായ തെരഞ്ഞെടുപ്പാണ്. ഇത് സത്യമല്ല, ലെവാൻഡോസ്‌കി വഞ്ചിക്കപ്പെട്ടെന്നും പത്രം എഴുതി.
അതേസമയം മെസി വീണ്ടും പുരസ്‌കാര ജേതാവായത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നാണ് ജര്‍മന്‍ ഇതിഹാസം ലോതർ മത്തൗസ് പ്രതികരിച്ചത്. 1990ല്‍ ബാലൺ ദ്യോർ ജേതാവ് കൂടിയാണ് ലോതർ മത്തൗസ്.
ജര്‍മന്‍ മിഡ്‌ഫീല്‍ഡര്‍ ടോണിക്രൂസ്, സ്‌പെയിനിന്‍റെ മുന്‍ നായകന്‍ ഐകര്‍ കസിയസ് എന്നിവരും മെസിയുടെ പുരസ്‌കാര നേട്ടത്തെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയിട്ടുണ്ട്. റയല്‍ താരം കരീം ബെൻസിമയാണ് തന്‍റെ ചോയിസെന്നാണ് ടോണിക്രൂസ് ട്വീറ്റ് ചെയ്‌തത്.
അതേസമയം ലെവാൻഡോസ്‌കിയെ മറികടന്നാണ് മെസി വീണ്ടും ബാലൺ ദ്യോർ നേടിയത്. പുരസ്‌കാരത്തിനായുള്ള പോരാട്ടത്തില്‍ മെസിയേക്കാൾ 33 പോയിന്‍റ് പിന്നിലായിരുന്നു പോളണ്ടിന്‍റെ നായകൻ. എന്നാല്‍ കൂടുതൽ ഗോൾ നേടിയതിനുള്ള പുരസ്‍കാരം ലെവാൻഡോസ്‌കിക്കാണ്.
2021ല്‍ ബയേണിനായി 30 ലീഗ് മത്സരങ്ങളില്‍ 38 ഗോളുകള്‍ 33കാരനായ അടിച്ച് കൂട്ടിയിട്ടുണ്ട്. ബയേണെ ബുണ്ടസ് ലിഗ കിരീടത്തിലേക്ക് നയിക്കുന്നതിലും ലെവാൻഡോസ്‌കിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. പോയവര്‍ഷം ബയേണിനായി 40 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം 48 ഗോളുകളാണ് അടിച്ചുകൂട്ടിയിരുന്നത്.
also read:പ്രിയ ലിയോ നീയല്ലാതെ മറ്റാര്, പക്ഷേ എങ്ങനെ മറക്കും ലെവാന്‍റെ മുഖം
അതേസമയം പോയ വർഷത്തെ ഏറ്റവും മികച്ച താരം ലെവാൻഡോസ്‌കിയാണെന്ന് മെസി പ്രതികരിച്ചിരുന്നു. 'കൊവിഡ് മൂലം നല്‍കാതിരുന്ന 2020 ലെ ബാല്യൺ ദ്യോർ പുരസ്‌കാരം നല്‍കാൻ ഫ്രാൻസ് ഫുട്‌ബോൾ തയ്യാറാകണം.
ലെവാൻഡോസ്‌കി നിങ്ങൾ അത് അർഹിക്കുന്നു. ഈ വർഷവും ഗോളടിക്കുന്നതില്‍ നിങ്ങൾ കൂടുതല്‍ മികവ് കാണിക്കുന്നു. കടുത്ത മത്സരമാണ് ഞാൻ നിങ്ങളില്‍ നിന്ന് നേരിട്ടത്. ഈ വർഷം ടോപ് സ്‌കോറർ നിങ്ങൾ തന്നെയാണ്. അടുത്ത വർഷം കൂടുതല്‍ മികവിലേക്ക് നിങ്ങൾ ഉയരും' മെസി പറഞ്ഞിരുന്നു.