ചെന്നൈ: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തിരിച്ചടി. മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സ് പരാജയപെട്ടു. ചെന്നൈയിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആവേശകരമായ ആദ്യ പകുതിയിലാണ് നാല് ഗോളും പിറന്നത്. കളി തുടങ്ങി നാലാം മിനുട്ടില്‍ ചെന്നൈയിന്‍റെ മുന്നേറ്റതാരം ആന്ദ്രെ ഛേമ്പ്രിയാണ് ആദ്യഗോൾ നേടിയത്. 14-ാം മിനുട്ടില്‍ പരിക്ക് മാറി കളത്തില്‍ തിരിച്ചെത്തിയ നായകന്‍ ബെർത്തലോമ്യ ഓഗ്ബെച്ചേയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചെങ്കിലും പിന്നീട് മത്സരം കൈവിട്ട് പോയി. ചെന്നൈയിന്‍റെ മുന്നേറ്റതാരങ്ങളായ ചാങ്തേ 30-ാം മിനുറ്റിലും വാല്‍സ്‌കി 40-ാം മിനുറ്റിലും ഗോൾ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളിന് പിന്നിലായി.
മഞ്ഞപ്പടക്ക് വീണ്ടും തോല്‍വി - chennaiyin news
ചെന്നൈയിന് എതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരാജയപെട്ടു
രണ്ടാം പകുതിയില്‍ ഗോൾ മടക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് പലതവണ ശ്രമിച്ചെങ്കിലും എങ്ങുമെത്തിയില്ല. ആറ് മിനുട്ട് ഇഞ്ച്വറി ടൈം ലഭിച്ചിട്ടും ലീഡ് നേടാനായില്ല. മത്സരത്തില്‍ പരാജയപെട്ടതോടെ ഒമ്പത് മത്സരങ്ങളില്‍ നിന്നായി ഏഴ് പോയിന്‍റുമായി ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്തേക്ക് തഴയപെട്ടു. അതേസമയം മത്സരത്തില്‍ വിജയിച്ച ചെന്നൈയിന്‍ എട്ട് മത്സരങ്ങളില്‍ നിന്നും ഒമ്പത് പോയിന്‍റുമായി എട്ടാം സ്ഥാനത്തേക്ക് ഉയർത്തപെട്ടു.
ഈ മാസം 28-ന് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിന് എതിരെയാണ് ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ അടുത്ത മത്സരം. 26-ന് ഗോവ ചെന്നൈയിനെ നേരിടും.