ലണ്ടന്‍: പ്രീമിയർ ലീഗില്‍ ടോട്ടനം ഹോട്ട്സ്‌പറിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ലിവർപൂൾ. ടോട്ടനത്തിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 37-ാം മിനിട്ടില്‍ റോബെർട്ടോ ഫിർമിനോയാണ് ചെമ്പടക്കായി ഗോൾ നേടിയത്. രണ്ടാം പകുതിയില്‍ ടോട്ടനം ആക്രമണ ഫുട്ബോൾ കാഴ്ച്ചവെച്ചെങ്കിലും ഗോൾ നേടാനായില്ല.
പ്രീമിയർ ലീഗില്‍ ചെമ്പടയുടെ പടയോട്ടം - Liverpool news
പ്രീമിയർ ലീഗില്‍ ലിവർപൂൾ ഏകപക്ഷീയമായ ഒരു ഗോളിന് ടോട്ടനം ഹോട്ട്സ്‌പറിനെ പരാജയപെടുത്തി. ലീഗിലെ കഴിഞ്ഞ 38 മത്സരങ്ങളിലായി ചെമ്പട അപരാജിതരായി തുടരുകയാണ്
ലീഗില്‍ ഇതേവരെ പരാജയം അറിഞ്ഞിട്ടില്ലാത്ത ലിവർപൂൾ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ലീഡ് ഉയർത്തി. 21 മത്സരങ്ങളില്‍ നിന്നും 61 പോയിന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ലീവർപൂൾ ഈ സീസണില്‍ കിരീടത്തിന് സാധ്യത കല്‍പ്പിക്കുന്ന ടീമാണ്. യൂർഗന്‍ ക്ലോപ്പിന്‍റെ നേതൃത്വത്തിലുള്ള ലിവർപൂളിന് രണ്ടാം സ്ഥാനത്തുള്ള ലസ്‌റ്റർ സിറ്റിയേക്കാൾ 16 പോയിന്‍റ് അധികമുണ്ട്. 22 മത്സരങ്ങളില്‍ നിന്നും 45 പോയിന്‍റ് മാത്രമാണ് ലെസ്‌റ്ററിനുള്ളത്.
ലിവർപൂൾ ജനുവരി 19-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ നേരിടും. അതേസമയം ടോട്ടനത്തിന് ജനുവരി 18-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ വാറ്റ്‌ഫോർഡാണ് എതിരാളി.