പനാജി:കൊവിഡ് 19 ബാധയെ തുടർന്ന് ഇന്ത്യന്‍ സൂപ്പർ ലീഗ് ഫൈനല്‍ മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തും. മാർച്ച് 14-ന് മുന്‍ ചാമ്പ്യന്‍മാരായ എടികെയും ചെന്നൈയിന്‍ എഫ്‌സിയും തമ്മിലാണ് മത്സരം. കളിക്കാരുടെയും ഒഫീഷ്യല്‍സിന്‍റെയും സുരക്ഷ കളക്കിലെടുത്താണ് നടപടിയെന്ന് ഫുട്ബോൾ സ്‌പോർട്സ് ഡവലപ്പ്മെന്‍റ് അധികൃതർ വ്യക്തമാക്കി. നേരത്തെ കേന്ദ്ര കായിക മന്ത്രാലയും വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദ്ദേശങ്ങൾ അവഗണിക്കരുതെന്ന് നിർദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്നത്.
മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് എടികെ ഫൈനലിന് ഇറങ്ങുന്നത്. അതേസമയം രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈയിന്‍ കലാശപോരാട്ടത്തിന് ഇറങ്ങുന്നത്. ഇതിന് മുമ്പ് 2015-ലാണ് ചെന്നൈയിന്‍ എഫ്‌സി കിരീടം സ്വന്തമാക്കിയത്. അന്ന് എഫ്സി ഗോവയെ അഞ്ചിന് എതിരെ ആറ് ഗോളുകൾക്കാണ് ചെന്നൈയിന്‍ പരാജയപ്പെടുത്തിയത്.