ലണ്ടന്‍: എഫ്‌എ കപ്പില്‍ ആര് മുത്തമിടുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വെംബ്ലി സ്റ്റേഡിയത്തില്‍ നീലപ്പടയും ആഴ്‌സണലും ഏറ്റുമുട്ടുമ്പോള്‍ ഗാലറി ശൂന്യമായിരിക്കും. കൊവിഡ് 19നെ തുടര്‍ന്നുള്ള നീണ്ട ഇടവേളക്ക് ശേഷം ഇരു ടീമുകളും പൂര്‍ണ സജ്ജരായാണ് കലാശപ്പോരിന് എത്തുന്നത്. രാത്രി പത്തിനാണ് മത്സരം. ഇതിനകം ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കിയ ചെല്‍സിക്ക് സീസണ്‍ അവസാനിപ്പിക്കുന്നത് ഒരു കപ്പടിച്ചാകണമെന്ന ആഗ്രഹമാണുള്ളത്. അതേസമയം ഒരു മോശം സീസണ്‍ അവസാനിക്കുമ്പോള്‍ ആശ്വാസമേകാന്‍ എഫ്‌എ കപ്പെങ്കിലും സ്വന്തമാക്കാനാണ് ഗണ്ണേഴ്‌സ് ആഗ്രഹിക്കുന്നത്.
എഫ്‌എ കപ്പ്; വെംബ്ലിയില്‍ ഇന്ന് കലാശപ്പോരാട്ടം - വിംബ്ലി വാര്‍ത്ത
എഫ്‌എ കപ്പ് 14-ാം തവണ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് ഇറങ്ങുന്ന ആഴ്‌സണലും ഒമ്പതാം തവണ സ്വന്തമാക്കാന്‍ ഇറങ്ങുന്ന ചെല്‍സിയും തമ്മിലാണ് ഫൈനല്‍ മത്സരം.
കലാശപ്പോരില്‍ ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുക്കുമെന്ന് ആഴ്‌സണല്‍ പരിശീലകന്‍ മൈക്കള്‍ അട്ടേര വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ ആഴ്‌ച ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കിയ ചെല്‍സി മികച്ച ഫോമിലാണ്. അതേസമയം എഫ്‌എ കപ്പ് സ്വന്തമാക്കി യൂറോപ്പ ലീഗ് യോഗ്യത സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ആഴ്‌സണലിന് ലഭിച്ചിരിക്കുന്നത്. കപ്പ് സ്വന്തമാക്കി താരങ്ങളുടെയും ക്ലബിന്‍റെയും വിശ്വാസം നേടിയെടുക്കാനാകും അട്ടേരയുടെ ശ്രമം. അലക്‌സാണ്ടര്‍ ലാക്കസാറ്റെ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സീസണ്‍ അവസാനിക്കാനിരിക്കെ ക്ലബ് വിടാനിരിക്കുകയാണ്. എഫ്‌എ കപ്പ് സ്വന്തമാക്കിയാല്‍ ഈ ശ്രമങ്ങള്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ക്ലബ് അംഗങ്ങള്‍.
അതേസമയം വില്ലിയന്‍ ഉള്‍പ്പെടെയുള്ള താരങ്ങളിലാണ് ഫ്രാങ്ക് ലമ്പാര്‍ഡിന്‍റെയും ചെല്‍സിയുടെയും പ്രതീക്ഷ. മെസണ്‍ മൗണ്ട്, ഒലിവര്‍ ജിറൗഡ് ഉള്‍പ്പെടെയുള്ളവരും ഗോളടിക്കുന്ന കാര്യത്തില്‍ മടി കാണിക്കാത്തതും ചെല്‍സിക്ക് ആശ്വാസം പകരുന്നുണ്ട്. അട്ടേരയുടെ കീഴില്‍ ആഴ്‌സണല്‍ ഫോം വീണ്ടെടുത്തതായും വെംബ്ലിയിലെ ഫൈനല്‍ മത്സരം ശക്തമാകാനാണ് സാധ്യതയെന്നും ലമ്പാര്‍ഡ് മത്സരത്തിന് മുന്നോടിയായി വ്യക്തമാക്കി.