മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ പോരാട്ടങ്ങള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ ലിസ്‌ബണിലേക്ക് ടിക്കറ്റ് ഉറപ്പിക്കാനുള്ള മത്സരങ്ങൾക്ക് ശനിയാഴ്‌ച പുലര്‍ച്ചെ തുടക്കമാകും. മാഞ്ചസ്റ്റര്‍ സിറ്റിയെ അവരുടെ തട്ടകത്തില്‍ സ്‌പാനിഷ് ലാലിഗയിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് നേരിടും. യുവന്‍റസ് ഹോം ഗ്രൗണ്ടായ അലയന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലിയോണിനെ നേരിടും.
ലിസ്‌ബണില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ആരെല്ലാം യോഗ്യത നേടുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യപാദ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ നായകന്‍ സെര്‍ജിയോ റാമോസില്ലാതെയാണ് റയല്‍ സിറ്റിയെ നേരിടാന്‍ ഇറങ്ങുന്നത്. റാമോസിന്‍റെ കുറവ് റയലിന്‍റെ പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കും. കൊവിഡ് 19ന് മുമ്പ് നടന്ന ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട റയലിന് ഇത്തവണ വലിയ മാര്‍ജിനില്‍ ജയിച്ചാലെ ലിസ്‌ബണിലേക്ക് ടിക്കറ്റ് സ്വന്തമാക്കാനാകൂ. സ്‌പാനിഷ് ലാലിഗയില്‍ കിരീടം സ്വന്തമാക്കിയ റയല്‍ നിലവിലെ ഫോം തുടര്‍ന്നാല്‍ സിറ്റിയെ പിടിച്ചുകെട്ടുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ സിനദന്‍ സിദാന്‍. റാമോസിന്‍റെ അഭാവത്തില്‍ കരീം ബെന്‍സെമയിലാണ് റയലിന്‍റെ എല്ലാ പ്രതീക്ഷയും.
ലിസ്‌ബണില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ആരെല്ലാം യോഗ്യത നേടുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം റഹീം സ്റ്റര്‍ലിങ്ങും സര്‍ജിയോ അഗ്യൂറോയും ഗബ്രിയേല്‍ ജസൂസും ചേര്‍ന്ന മുന്നേറ്റ നിര സിറ്റിക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. കൂടാതെ പെപ്പ് ഗാര്‍ഡിയോളയുടെ തന്ത്രങ്ങളും കൂടിയാകുമ്പോള്‍ സിറ്റിക്ക് സ്വന്തം ഗ്രൗണ്ടില്‍ ക്വാര്‍ട്ടര്‍ യോഗ്യത നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറ്റാലിയന്‍ സീരി എ കിരീടം നിലനിര്‍ത്തിയ യുവന്‍റസ് ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിട്ടാണ് ഫ്രഞ്ച് ക്ലബായ ലിയോണിനെ നേരിടുന്നത്. ലീഗിലെ ആദ്യപാദ മത്സരത്തില്‍ (1-0)ത്തിന് ലിയോണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും കൂട്ടരെയും പരാജയപ്പെടുത്തിയിരുന്നു. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ലിയോണിന് ജയത്തിലൂടെ മറുപടി നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ സാരിയുടെ നേതൃത്വത്തിലുള്ള യുവന്‍റസ്. ഡോഗ്ല കോസ്റ്റ യുവന്‍റസിന് വേണ്ടി കളിക്കില്ലെന്ന കാര്യം ഉറപ്പായി കഴിഞ്ഞു. പൗലോ ഡിബാല കളിക്കുന്ന കാര്യവും സംശയമാണ്.
അതേസമയം ഫ്രഞ്ച് ലീഗിന്‍റെ ഫൈനലില്‍ പിഎസ്‌ജിയോട് പരാജയപ്പെട്ടതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് ലിയോണ്‍ ഇറ്റലിയില്‍ എത്തിയിരിക്കുന്നത്. മെംഫിസ് ഡിംപെ പരിക്ക് ഭേദമായി തിരിച്ചെത്തിയത് ലിയോണിന് ഊര്‍ജം പകരുന്നുണ്ട്.