മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിലെ വമ്പൻ തോല്‍വി നല്‍കിയ പാഠങ്ങൾ പഠിച്ചു തീർക്കുകയാണ് സ്‌പാനിഷ് വമ്പൻമാരായ ബാഴ്‌സലോണ. പരിശീലകൻ കിക്കെ സെറ്റിയനെ പുറത്താക്കിയ ബാഴ്‌സ പുതിയ പരിശീലകനായി വല വിരിച്ചു. ആ വലയിലേക്ക് ആദ്യ പരിഗണനക്കാരനായ ഹോളണ്ട് ദേശീയ ടീമിന്‍റെ പരിശീലകൻ റൊണാൾഡ് കോമാൻ എത്തുകയാണ്. കോമാൻ ഇന്ന് ബാഴ്‌സലോണയിലെത്തി.
അൻപത്തേഴുകാരനായ കോമാൻ ബാഴ്‌സ മാനേജ്‌മെന്‍റുമായുള്ള ചർച്ചകൾക്കായി എല്‍ പ്രാറ്റ് വിമാനത്താവളത്തില്‍ എത്തിയ വിവരം സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1989 മുതല്‍ 1995 വരെ ബാഴ്‌സയുടെ താരമായിരുന്ന കോമാൻ നാല് തവണ ലാലിഗ കിരീടവും 1992ല്‍ യൂറോപ്യൻ കപ്പും ബാഴ്‌സയ്ക്ക് വേണ്ടി സ്വന്തമാക്കിയിട്ടുണ്ട്. 1998ലും 2000ത്തിലും ക്ലബിന്‍റെ അസിസ്റ്റന്‍റ് കോച്ചായിരുന്നു കോമാൻ. അതിനു ശേഷം അയാക്‌സ്, ബെനിഫിക്ക, പിഎസ്‌വി ഐന്തോവൻ, സതാംപ്‌ടൺ, എവർട്ടൺ എന്നീ ടീമുകളെ പരിശീലിപ്പിച്ചു.