ഹൈദരാബാദ്: കൊവിഡിനെ അതിജീവിച്ച ഫുട്ബോള്‍ ലോകത്തേക്ക് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ വീണ്ടുമെത്തുന്നു. 144 ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്‌ച പുലര്‍ച്ചെ 12.30നാണ് രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ കിക്കോഫ്. സൂപ്പര്‍ പോരാട്ടങ്ങളാണ് ശേഷിക്കുന്ന ഓരോ മത്സരങ്ങളും. യൂറോപ്യന്‍ ലീഗുകളിലെ ചാമ്പ്യന്‍മാരും വമ്പന്‍മാരും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
ശനിയാഴ്‌ച പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ സ്‌പാനിഷ് ലാലിഗയിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ആദ്യപാദത്തില്‍ റയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്‍റെ മുന്‍തൂക്കവുമായാണ് സിറ്റി ഇറങ്ങുക. കൊവിഡ് 19 പശ്ചത്തലത്തില്‍ കര്‍ശന സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് നടുവിലാകും മത്സരം നടക്കുക. ലീഗിലെ ആദ്യ പാദ മത്സരത്തില്‍ സസ്‌പെന്‍ഷന്‍ നേരിട്ട നായകന്‍ സെര്‍ജിയോ റാമോസ് ശനിയാഴ്‌ച ഇറങ്ങാത്തത് റയലിന് തിരിച്ചടിയാകും. അതേസമയം സ്വന്തം മണ്ണില്‍ നടക്കുന്ന മത്സരത്തിന്‍റെ മുന്‍തൂക്കം സിറ്റിക്കുമുണ്ടാകും.
ശനിയാഴ്‌ച നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ സീരി എയിലെ കിരീട ജേതാക്കളായ യുവന്‍റസ് ലിയോണിനെ നേരിടും. ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ ലിയോണിതിരെ ഒരു ഗോളിന്‍റെ ജയം സ്വന്തമാക്കിയതിന്‍റെ മുന്‍തൂക്കം യുവന്‍റസിനുണ്ട്. അതേസമയം തുടര്‍ച്ചയായി ഒമ്പതാമത്തെ സീരി എ കിരീടം സ്വന്തമാക്കിയ യുവന്‍റസ് മികച്ച ഫോമിലാണ്. ഇറ്റാലിയന്‍ കപ്പിന്‍റെ ഫൈനലില്‍ നാപ്പോളിയോട് പരാജയപ്പെട്ടത് മാത്രമാണ് സീസണില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കൂട്ടരും നേരിട്ട തിരിച്ചടി. റൊണാള്‍ഡോയെ കൂടാതെ മറ്റൊരു മുന്നേറ്റതാരം പൗലോ ഡിബാലയും മികച്ച ഫോമിലാണ്.
ഞായറാഴ്‌ച നടക്കുന്ന അടുത്ത സൂപ്പര്‍ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്ക് ചെല്‍സിയെയും ബാഴ്‌സലോണ നാപ്പോളിയെയും നേരിടും. ആരെല്ലാം ഫൈനല്‍സില്‍ പ്രവേശിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഓഗസ്റ്റ് 24ന് പുലര്‍ച്ചെ വരെ സൂപ്പര്‍ പോരാട്ടങ്ങളുടെ നാളുകളാണ്. മാര്‍ച്ച് 12നാണ് അവസാനമായി പ്രീക്വാര്‍ട്ടര്‍ മത്സരം നടന്നത്. അന്ന് ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജി ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
നാപ്പോളിക്കെതിരായ മത്സരത്തില്‍ ബാഴ്‌സലോണ 1-1ന് സമനില വഴങ്ങിയപ്പോള്‍, നീലപ്പടക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ മൂന്‍തൂക്കമാണ് ബയേണിനുള്ളത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ പോര്‍ച്ചുഗലിലെ ലിസ്‌ബണില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും ഇത്തവണ ക്വാർട്ടർ ഫൈനല്‍സ് അരങ്ങേറുക. ഇതിനകം രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി കഴിഞ്ഞു. ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ റെഡ്‌ബുള്‍ ലെയ്‌പ്‌സിങ് അത്‌ലറ്റിക്കോ മാഡ്രിഡിനെയും മറ്റൊരു മത്സരത്തില്‍ അറ്റ്‌ലാന്‍റ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജിയെയും നേരിടും. ഓഗസ്റ്റ് 13 മുതല്‍ 16 വരെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍. 19, 20 തീയതികളില്‍ സെമി ഫൈനലും 24ന് കലാശപ്പോരും നടക്കും.