മ്യൂണിച്ച്: കൊവിഡിനെ തുടർന്ന് നിശ്ചലമായ പുല്‍മൈതാനങ്ങൾക്ക് വീണ്ടും തീപിടിക്കും. ലോകത്ത് കാല്‍പന്തിന്‍റെ ആ മനോഹാരിതക്ക് അരങ്ങൊരുങ്ങുന്നത് ജര്‍മനിയിലാണ്. ജർമന്‍ ബുണ്ടസ് ലീഗിലെ ശേഷിക്കുന്ന ഒമ്പത് റൗണ്ട് മത്സരങ്ങൾക്ക് ഇന്ത്യന്‍ സമയം ശനിയാഴ്‌ച രാത്രി ഏഴിനാണ് തുടക്കമാവുക. കൊവിഡ് കാരണം മത്സരങ്ങൾ നിർത്തിവെച്ച ശേഷം പുനരാരംഭിക്കുന്ന മേജർ യൂറോപ്യന്‍ ലീഗെന്ന പ്രത്യേകതയും ബുണ്ടസ് ലീഗിനുണ്ട്. അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ആദ്യ മത്സരം ബൊറൂസിയ ഡോർട്ട്മുണ്ടും ഷാല്‍ക്കെയും തമ്മിലാണ്.
പോയിന്‍റ് പട്ടികയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് തന്നെയാണ് മുന്നില്‍. 25 മത്സരങ്ങളില്‍ നിന്ന് 55 പോയിന്‍റ് ബയേണ്‍ സ്വന്തമാക്കി. രണ്ടാം സ്ഥാനത്ത് 51 പോയിന്‍റുമായി ബൊറൂസിയ ഡോർട്ട്മുണ്ടും മൂന്നാം സ്ഥാനത്ത് 50 പോയിന്‍റുമായി ലൈപ്‌സീഗുമാണ് ഉള്ളത്.