പനാജി: ഐഎസ്എല്‍ ആറാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സിയും ഗോവ എഫ്‌സിയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ഗോവ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇരു ടീമുകളും മികച്ച കളിയാണ് പുറത്തടുത്തത്. ആദ്യ പകുതി ഗോൾ രഹിതമായി പിരിഞ്ഞു.
ഗോവ-ബംഗളൂരു മത്സരം സമനിലയില്‍ പിരിഞ്ഞു - ഐഎസ്എല്‍ വാർത്തകൾ
രണ്ട് കളികളില്‍ നാല് പോയിന്‍റുമായി ലീഗില്‍ ഗോവ എഫ്‌സി ഒന്നാം സ്ഥാനത്താണ്.
രണ്ടാം പകുതിയില്‍ ബംഗളൂരുവിന് വേണ്ടി മധ്യനിര താരം ഉദ്ധണ്ഡ് സിങ്ങാണ് ഗോവയുടെ വലകുലുക്കിയത്. 62-ാം മിനിറ്റില്‍ ബംഗളൂരുവിന്‍റെ മുന്നേറ്റതാരം മാന്വല്‍ ഓന്‍വുവിന്‍റെ അസിസ്‌റ്റ് ഉദ്ധണ്ഡ് ഗോളാക്കി മാറ്റുകയായിരുന്നു. ഗോവയുടെ പ്രതിരോധ താരം മൊർത്താണ്ട ഫാളിനെ നിഷ്പ്രഭനാക്കികൊണ്ടാണ് ഉദ്ധണ്ഡ് ഗോൾ നേടിയത്. അധിക സമയത്തിന് തൊട്ടുമുമ്പാണ് ഗോവയുടെ ഗോൾ. ഗോവയുടെ ഫൈറാന്‍ കൊറോമിനാസ് പെനാല്‍ട്ടിയിലൂടെയാണ് ഗോൾ നേടിയത്.
ആഷിക്ക് കുരുനിയന്‍ ബംഗളൂരുവിന്‍റെ ബോക്‌സിന് സമീപം കൊറോമിനാസിനെ ഫൗൾ ചെയ്തതോടെ റഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. കിട്ടിയ അവസരം പാഴാക്കാതെ കൊറോമിനാസ് പന്ത് വലയിലെത്തിച്ചു. നാല് മിനിറ്റ് അധിക സമയം റഫറി അനുവദിച്ചിട്ടും ഇരു ടീമുകളും ഗോളടിക്കാത്തതിനാല്‍ കളി സമനിലയില്‍ അവസാനിപ്പിച്ചു. നിലവില്‍ രണ്ട് കളികളില്‍ നാല് പോയന്‍റുമായി ലീഗില്‍ ഗോവ എഫ്‌സി ഒന്നാം സ്ഥാനത്താണ്. ലീഗിലെ രണ്ട് കളികളും സമനിലയില്‍ പിരിഞ്ഞതിനെ തുടർന്ന് ബംഗളൂരു എഫ്‌സി ഒരു പോയന്‍റുമായി ഏഴാം സ്ഥാനത്താണ്.