ജിദ്ദ:റയല്‍ മാഡ്രിഡിന് സ്‌പാനിഷ് സൂപ്പർ കപ്പ്. സൗദി അറേബ്യയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ പെനാല്‍ട്ടി ഷൂട്ട് ഔട്ടിലൂടെയാണ് സിനദന്‍ സിദാൻ പരിശീലിപ്പിക്കുന്ന റയല്‍ പരാജയപ്പെടുത്തിയത്. ഇരുപകുതികളും അധികസമയവും ഗോൾ രഹിതമായി കടന്നുപോയി. പിന്നെ ഗോൾ കീപ്പർമാരുടെ പോരാട്ടം. പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ അത്‌ലറ്റിക്കോയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് റയല്‍ തോല്‍പിച്ചു.
ഷൂട്ട് ഔട്ടില്‍ സ്‌പാനിഷ് സൂപ്പർ കപ്പ് റയലിന് - റയല്‍ മാഡ്രിഡ് വാർത്ത
അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ജിദ്ദയിലെ കിങ് അബ്‌ദുള്ള സ്‌പോർട്‌സ് സിറ്റിയില്‍ നടന്ന സ്‌പാനിഷ് സൂപ്പർകപ്പ് ഫൈനലില്‍ നിശ്ചിതസമയവും ഇഞ്ച്വറി ടൈമും ഗോൾ രഹിതമായി കടന്നുപോയി. പെനാല്‍ട്ടി ഷൂട്ട് ഔട്ടിലൂടെയാണ് വിജയിയെ കണ്ടെത്തിയത്
ഡാനി കാര്‍വാള്‍, റോഡ്രിഗോ, ലൂക്ക മോഡ്രിച്ച്, സെര്‍ജിയോ റാമോസ് എന്നിവര്‍ റയലിനായി ലക്ഷ്യം കണ്ടു. കീറണ്‍ ട്രിപ്പിയർ മാത്രമാണ് അത്‌ലറ്റിക്കോയ്ക്ക് വേണ്ടി വല ചലിപ്പിച്ചത്. റയല്‍ മാഡ്രിഡിന്‍റെ ഫെഡേ വാല്‍വർഡെയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. അധികസമയത്ത് താരം ചുവപ്പ് കാർഡ് കിട്ടി പുറത്തായിരുന്നു. അത്‌ലറ്റിക്കോയുടെ ഉറച്ച ഗോൾ അവസരം വാല്‍വെർഡെ തടഞ്ഞിരുന്നു. ഇതിനാണ് ചുവപ്പുകാർഡ് കിട്ടിയത്. ഇതോടെ സ്‌പാനിഷ് ലാലിഗയിലെ സെവില്ലക്കെതിരായ അടുത്ത മത്സരത്തില്‍ റയല്‍ താരത്തിന് കളിക്കാനാകില്ല.
റയല്‍ ഇതിന് മുമ്പ് 11 തവണ സൂപ്പർ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും അവസാനം 2017-ലാണ് സ്‌പെയിന്‍ സൂപ്പർ കപ്പ് സ്വന്തമാക്കിയത്. പരിശീലകന്‍ സിനദന്‍ സിദാൻ പരിശീലന സ്ഥാനം ഏറ്റെടുത്ത ശേഷം ക്ലബ് സ്വന്തമാക്കുന്ന രണ്ടാമത്തെ സൂപ്പർ കപ്പാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.